തിരുവനന്തപുരം
ഫോൺ ചോർത്തൽ വിവാദം ഗൗരവതരമാണെന്ന് നിയമസഭാ സ്പീക്കർ എം ബി രാജേഷ് പറഞ്ഞു. ഭരണഘടന നൽകുന്ന അവകാശങ്ങളുടെ ലംഘനമാണ് ഫോൺചോർത്തൽ. ആർട്ടിക്കിൾ ഇരുപത്തിയൊന്നിന്റെയും സ്വകാര്യതയുടെയും മൗലികാവകാശങ്ങളുടെയുംമേലുള്ള കടന്നുകയറ്റമാണ് ഇത്.
ജനാധിപത്യ സംവിധാനത്തിൽ ചിന്തിക്കാൻപോലും കഴിയാത്ത സംഭവവികാസങ്ങളാണ് ഇവ. കൺസോർഷ്യം നടത്തിയ അന്വേഷണത്തിൽ നിരവധി വിവരം പുറത്തുവന്നിട്ടുണ്ട്. ഇക്കാര്യങ്ങളുൾപ്പെടെ വിശദമായി അന്വേഷിച്ച് സത്യം പുറത്തുകൊണ്ടുവരണം.
പാർലിമെന്ററി ജനാധിപത്യത്തിൽ സഭയ്ക്കുള്ളിലെ പരമാധികാരി സ്പീക്കറാണ്. നിയമസഭ, പാർലമെന്റ് അംഗങ്ങളുടെ പ്രിവിലേജ് വർഷങ്ങളായി നിലനിൽക്കുന്നതാണ്. നിർഭയമായി തടസ്സങ്ങളില്ലാതെ കർത്തവ്യം നിർവഹിക്കാനുള്ള അവകാശമാണ് അംഗങ്ങൾക്ക് ഇതിലൂടെ നൽകുന്നത്. അത് പാർലമെന്ററി സംവിധാനത്തിൽ നിലവിലുള്ളതാണ്. സുപ്രീംകോടതിയുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ചൊന്നും പറയുന്നില്ല.
പോക്സോ കേസ് പ്രതിയെ സംരക്ഷിച്ച നിയമസഭാംഗം മാത്യു കുഴൽനാടനെതിരെ വിജിൻ നൽകിയ പരാതി മറ്റ് പരാതികൾപോലെ നടപടിക്രമം പാലിച്ച് പരിശോധിച്ച് നടപടി സ്വീകരിക്കും. വനിതാ അംഗമായിരുന്ന ജമീല പ്രകാശം തന്നെ കൈയേറ്റംചെയ്ത യുഡിഎഫ് അംഗങ്ങൾക്കെതിരെ നൽകിയ കേസ് പരിശോധിക്കാതെ പറയാനാകില്ല. കെ കെ രമയുടെ മകനുനേരെ വധഭീഷണി സംബന്ധിച്ചും പരാതി ലഭിച്ചിട്ടില്ല.
നവംബർ ഒന്നോടെ കടലാസ് രഹിത നിയമസഭ പൂർത്തിയാക്കലാണ് ലക്ഷ്യം. സഭാ ടിവി പ്രവർത്തനങ്ങൾ തുടരും. ഉന്നതതല സമിതി പുനഃസംഘടിപ്പിച്ചിട്ടുണ്ട്. ഉള്ളടക്കം, സ്വഭാവം എന്നിവയിൽ മാറ്റംവരുത്തും. എംഎൽഎ ഹോസ്റ്റൽ പൊളിച്ചുപണിയാൻ തീരുമാനിച്ചിട്ടില്ല. ശോചനീയാവസ്ഥ സംബന്ധിച്ച് അംഗങ്ങളുടെ പരാതി ലഭിച്ചിട്ടുണ്ട്. ഹൗസ് കമ്മിറ്റി ഇക്കാര്യം പരിശോധിച്ച് തുടർനടപടി സ്വീകരിക്കും. സഭാസമ്മേളനത്തിൽ പുതിയ ബില്ലുകൾ അവതരിപ്പിക്കേണ്ടതുണ്ടെങ്കിൽ കാര്യോപദേശക സമിതി യോഗംചേർന്ന് അക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും സ്പീക്കർ പറഞ്ഞു. നിയമസഭാ സെക്രട്ടറി എസ് വി ഉണ്ണിക്കൃഷ്ണൻനായരും പങ്കെടുത്തു.