ടോക്കിയോയിലേക്കുള്ള ഇന്ത്യയുടെ ഒളിംപിക്സ് ടീമില്‍ ഒന്‍പത് മലയാളികളാണുള്ളത്. അത്ലറ്റിക്സ് വിഭാഗത്തില്‍ ഏഴ് പേരും, നീന്തല്‍, ഹോക്കി ഇനങ്ങളില്‍ ഓരോരുത്തരും. സജന് പ്രകാശ് (നീന്തല്‍), കെ.ടി ഇര്ഫാന് (നടത്തം), എം ശ്രീശങ്കര്‍ (ലോങ് ജമ്പ്), എം.പി ജാബിര്‍ (ഹര്‍ഡില്‍സ്), പി.ആര് ശ്രീജേഷ് (ഹോക്കി), മുഹമ്മദ് അനസ്, അമോജ് ജേക്കബ്, നോഹ് നിര്‍മല്‍ ടോം, അലക്സ് ആന്റണി (റിലേ)
സജന് പ്രകാശ്
ഒളിംപിക്സിന് നേരിട്ട് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ നീന്തല്‍ താരമെന്ന നേട്ടത്തോടെയാണ് ഇടുക്കി സ്വദേശിയായ സജന് പ്രകാശ് ടോക്കിയോയിലേക്ക് തിരിച്ചത്. 200 മീറ്റര്‍ ബട്ടര്‍ഫ്ലൈ സ്ട്രോക്കിലാണ് സജന് മത്സരിക്കുന്നത്. റോമില്‍ നടന്ന യാഗ്യതാ മത്സരത്തില്‍ ഒന്നാമതെത്താനും ഇടുക്കിക്കാരനായി. 56.48 സെക്കന്റായിരുന്നു യോഗ്യത നേടാനുള്ള സമയം. എന്നാല്‍ തന്റെ കരിയറിലെ ഏറ്റവും മികച്ച സമയമായ 56.38 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് സജന് ടോക്കിയോയിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ചത്.
കെ.ടി ഇര്ഫാന്
ടോക്കിയോ ഒളിംപിക്സിലേക്ക് യോഗ്യത നേടിയ ഇന്ത്യയിലെ ആദ്യ അത്ലീറ്റാണ് കെ.ടി ഇര്ഫാന്. 20 കിലോ മീറ്റര്ർ നടത്തത്തില്‍ മത്സരിക്കുന്ന ഇര്ഫാന് മലപ്പുറം അരീക്കോട് സ്വദേശിയാണ്. 2012 ലണ്ടണ്‍ ഒളിംപിക്സില്‍ ഇര്ഫാന് പങ്കെടുത്തിരുന്നു. അന്ന് പത്താം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരുന്ന താരം 2019 മാര്‍ച്ചില്‍ ജപ്പാനില്‍ നടന്ന വാക്കിങ് ചാമ്പ്യന്‍ഷിപ്പില്‍ നാലാമതെത്തിയാണ് യോഗ്യത നേടിയത്. ഒരു മണിക്കൂര്‍ 20 മിനിറ്റ് 21 സെക്കന്റാണ് മികച്ച സമയം.
എം. ശ്രീശങ്കര്‍
2018 ലെ ഏഷ്യന്‍ ജൂനിയര്‍ അത്ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേടിയതോടെയാണ് എം ശ്രീശങ്കര്‍ ശ്രദ്ധ പിടിച്ചു പറ്റുന്നത്. 2018 ല്‍ തന്നെ ദേശിയ റെക്കോര്‍ഡും തിരുത്തി കുറിക്കാന്‍ ശ്രീശങ്കറിനായി. 8.20 മീറ്റര്‍ ചാടിയായിരുന്നു നേട്ടം. പാട്യാലയില്‍ നടന്ന സീനിയര്‍ ഫെഡറേഷന് മീറ്റില്‍ 8.26 മീറ്റര്‍ ചാടിയാണ് ഒളിംപിക്സിന് യോഗ്യത നേടിയത്. പരുക്കിന്റെ പിടിയില്‍ നിന്ന് ഒരുപാട് തവണ കരകയറിയ 22 കാരന്റെ ആദ്യ ഒളിംപിക്സ് കൂടിയാണിത്.
എം.പി ജാബിര്‍
400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഒളിംപിക്സിന് യോഗ്യത നേടുന്ന ആദ്യ പുരുഷ അത്ലറ്റാണ് ജാബിര്‍. ഇതിനു മുന്‍പ് പി.ടി.ഉഷ മാത്രമാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ പങ്കെടുത്തിട്ടുള്ളത്. പഞ്ചാബിലെ പട്യാലയില്‍ നടന്ന ഇന്റര്‍ സ്റ്റേറ്റ് അത്ലറ്റിക്സില് 49.78 സെക്കന്റില്‍ ഫിനിഷ് ചെയ്ത് സ്വര്‍ണം നേടിയതാണ് ജാബിറിനെ തുണച്ചത്. അമേരിക്കന്‍ കോച്ച് ഗലീനയുടെ കീഴില്‍ പരിശീലനം നടത്തുന്ന ജാബിര്‍ ഒളിംപിക്സില്‍ ഏറ്റവും മികച്ച സമയം കുറിക്കാനുള്ള ശ്രമം നടത്തുമെന്നാണ് പറഞ്ഞിരിക്കുന്നത്.
റിലേ ടീമിലെ നാല്‍വര്‍ സംഘം
പുരുഷന്മാരുടെ 4×400 മീറ്റര്‍ റിലേ ടീമിലാണ് മലയാളികളായ അമോജ് ജേക്കബ്, അലക്സ് ആന്റണി, മുഹമ്മദ്, അനസ്, നോഹ് നിര്‍മല്‍ ടോം എന്നിവര്‍. മുഹമ്മദ് അനസ് 2016 റിയോ ഒളിംപിക്സിലെ റിലേ ടീമിന്റെ ഭാഗമായിരുന്നു. കൊല്ലം സ്വദേശിയാണ് മുഹമ്മദ് അനസ്.
കോഴിക്കോട് പേരാമ്പ്ര സ്വദേശിയാണ് നോഹ് നിര്‍മല്‍ ടോം. സായിയിലൂടെയാണ് നോഹ് ശ്രദ്ധ നേടിയത്. 2019 ലോക അത്ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പില്‍ 4×400 മീറ്റര്‍ റിലേ ടീമിലും നോഹ് അംഗമായിരുന്നു.
കോട്ടയം സ്വദേശിയായ അമോജ് ജേക്കബ് ഇതുവരെ കേരളത്തെ പ്രതിനിധീകരിച്ച് മത്സരിച്ചിട്ടില്ല. ഡല്‍ഹിയില്‍ സ്ഥിര താമാസക്കാരനാണ് അമോജ്. 2017 ലെ ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ റിലേ ടീം അംഗമായിരുന്നു അമോജ്. അന്ന് റിലേ ടീം സ്വര്‍ണം നേടിയിരുന്നു. റിലേയ്ക്ക് പുറമെ 400, 800 മീറ്ററുകളിലും അമോജ് പ്രതിഭ തെളിയിച്ചിട്ടുണ്ട്.
തിരുവനന്തപുരം പുല്ലുവിള സ്വദേശിയായ അലക്സ് ആന്റണിയാണ് റിലേ ടീമിലെ നാലാമന്. 2019 ലെ ഏഷ്യന്‍ അത്ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പില്‍ അലക്സ് ആന്റണി പങ്കെടുത്തിരുന്നു.
ശ്രീജേഷെന്ന കാവല്ക്കാരന്
ഇന്ത്യന്‍ ഹോക്കി ടീമിലെ നിറ സാന്നിധ്യമാണ് പി.ആര് ശ്രീജേഷ്. എറണാകുളം സ്വദേശിയായ ശ്രീജേഷിന്റെ മൂന്നാം ഒളിംപിക്സാണിത്. 2012 ലണ്ടണ്‍, 2016 റിയോ ഒളിംപിക്സുകളിലും ശ്രീജേഷ് ഹോക്കി ടീമിന്റെ ഭാഗമായിരുന്നു.
The post ഒളിംപിക്സിലെ മലയാളി തിളക്കം appeared first on Indian Express Malayalam.