കൊച്ചി> ലക്ഷദ്വീപില് നടപ്പാക്കുന്ന പരിഷ്കാരങ്ങള്ക്കെതിരായ ദ്വീപ് ജനതയുടെ പ്രതിഷേധം അഡ്മിനിസ്ട്രേറ്റര് പ്രഫുല് കെ പട്ടേലിന്റെ അടുത്ത വരവോടെ കനക്കുമെന്ന് സൂചന. കഴിഞ്ഞ 14 ന് പ്രഖ്യാപിച്ച സന്ദര്ശനം ഒഴിവാക്കിയ പ്രഫുല് പട്ടേല് 27ന് ലക്ഷദ്വീപിലെത്തുമെന്നാണ് ഒടുവിലത്തെ വിവരം.
ശക്തമായ പ്രതിഷേധ പരിപാടികള് ആവിഷ്കരിക്കാനുള്ള ഒരുക്കത്തിലാണ് സേവ് ലക്ഷദ്വീപ് ഫോറം. സംഘടനയുടെ മുഴുവന് ഭാരവാഹികളോടും ഈയാഴ്ച തന്നെ ദ്വീപിലേക്ക് എത്താന് ഫോറം ആവശ്യപ്പെട്ടിട്ടുണ്ട്.
പട്ടേല് 26 ന് കൊച്ചിയിലെത്തി പിറ്റേന്ന് അഗത്തിയിലേക്ക് പോകുമെന്നാണ് സൂചന. ഒരാഴ്ച നീളുന്നതാണ് സന്ദര്ശനം. പ്രതിഷേധം കണക്കിലെടുത്ത് കേന്ദ്രസര്ക്കാര് അനുവദിച്ച വൈ കാറ്റഗറി സുരക്ഷയിലാകും ഇക്കുറി പട്ടേലിന്റെ വരവ്. സുരക്ഷാ ഉദ്യോഗസ്ഥര് മുന്കൂട്ടി ദ്വീപില് എത്തിയിട്ടുണ്ട്. അവധിയിലുള്ള കലക്ടറും 26ന് ദ്വീപില് തിരിച്ചെത്തും. ഒരാഴ്ചത്തെ സന്ദര്ശനം വെട്ടിച്ചുരുക്കി ജൂണ് 19നാണ് പട്ടേല് ഒടുവില് ദ്വീപില് നിന്ന് മടങ്ങിയത്.
ജൂലൈ 14ന് വീണ്ടും എത്തുമെന്ന് അറിയിപ്പുണ്ടായെങ്കിലും അവസാന നിമിഷം യാത്ര ഒഴിവാക്കി. അഡ്മിനിസ്ട്രേറ്ററുടെ വരവിന് മുന്നോടിയായി കഴിഞ്ഞ ദിവസം സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ യോഗം ചേര്ന്നിരുന്നു. ഈയാഴ്ച വീണ്ടും യോഗം ചേരും. വ്യാഴാഴ്ചയാണ് ലക്ഷദ്വീപില് പെരുന്നാള്. അതിന് ശേഷമാകും യോഗം.
പരിഷ്കാരങ്ങള്ക്കും ഉത്തരവുകള്ക്കുമെതിരെ ഫയല് ചെയ്തിട്ടുള്ള കേസുകള് കഴിഞ്ഞ ദിവസം ചേര്ന്ന യോഗം അവലോകനംചെയ്തു. അഡ്മിനിസ്ട്രേറ്റര് എത്തുമ്പോള് അദ്ദേഹത്തെ നേരില് കാണാനും തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ സന്ദര്ശനത്തിനിടയിലും പ്രതിഷേധം ശക്തമായിരുന്നിട്ടും ഫോറം നേതാക്കളെ കാണാന് അഡ്മിനിസ്ട്രേറ്റര് തയ്യാറായില്ല.
ജില്ലാ പഞ്ചായത്ത് നേതൃത്വത്തെയും കണ്ടില്ല. ഉദ്യോഗസ്ഥതലത്തില് മാത്രമാണ് ആശയവിനിമയം നടത്തുന്നത്. നേരില്കണ്ട് അതില് പ്രതിഷേധമറിയിക്കാനും ദ്വീപില് നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികളില് ആശങ്കയറിയിക്കാനുമാണ് ഫോറം തീരുമാനം. പരിഷ്കാരങ്ങളിലും ഉത്തരവുകളിലും അഡ്മിനിസ്ട്രേറ്റര് ഉറച്ചു നില്ക്കുകയാണെങ്കില് പ്രതിഷേധം പൊതു ഇടങ്ങളിലേക്ക് എത്തിക്കുന്നതിനെ കുറിച്ചും ആലോചിക്കും.
ദ്വീപിലെ കൊവിഡ് വ്യാപനത്തിന് ശമനമുണ്ടായ സാഹചര്യത്തിലാണിത്. അഡ്മിനിസ്ട്രേറ്ററുടെ കഴിഞ്ഞ സന്ദര്ശന കാലത്ത് ദ്വീപ് കടുത്ത കോവിഡ് ഭീഷണിയിലായിരുന്നു. എന്നിട്ടും അഡ്മിനിസ്ട്രേറ്റര് എത്തിയ ദിവസം ദ്വീപ് ജനത കരിദിനമാചരിച്ചു. പ്രതിഷേധം തുടര്ന്നപ്പോള് സന്ദര്ശനം വെട്ടിച്ചുരുക്കി മടങ്ങുകയായിരുന്നു.