തിരുവനന്തപുരം: മരംമുറി കേസിൽ വിവരാവകാശ പ്രകാരം ഫയൽ നൽകിയ ഉദ്യോഗസ്ഥക്കെതിരേ സർക്കാരിന്റെ പ്രതികാര നടപടി തുടരുന്നു. റവന്യൂ അണ്ടർ സെക്രട്ടറി ഒ.ജി. ശാലിനിയെ സെക്രട്ടറിയേറ്റിന് പുറത്തേക്ക് സ്ഥലംമാറ്റി. റവന്യൂ വകുപ്പിൽ നിന്നും ഹയർസെക്കൻഡറി വകുപ്പിലേക്കാണ് മാറ്റിയത്. ഉദ്യോഗസ്ഥയെ പ്രിൻസിപ്പൽ സെക്രട്ടറി ശാസിക്കുകയും അവരുടെ ഗുഡ് സർവീസ് എൻട്രി റദ്ദാക്കുകയും ചെയ്തതിന് പിന്നാലെയാണ് സ്ഥലംമാറ്റം.
ഒ.ജി. ശാലിനിയെ റവന്യൂ വകുപ്പ് അണ്ടർ സെക്രട്ടറി സ്ഥാനത്തുനിന്ന് പൊതുവിദ്യാഭാസ ഡയറക്ട്രേറ്റിലെ ഹയർസെക്കൻഡറി വിഭാഗത്തിലെ അസിസ്റ്റന്റ് ഡയറക്ടറായാണ് മാറ്റിയിരിക്കുന്നത്. ഡെപ്യൂട്ടേഷനിൽ ഒരു വർഷത്തേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. ഈ തസ്തികയിൽ ജോലി ചെയ്തിരുന്ന ബിന്ദു ആർ.ആറിനെ റവന്യൂ വകുപ്പിലേക്ക് മാറ്റിയിട്ടുമുണ്ട്.
മരം മുറിയുമായി ബന്ധപ്പെട്ട ഫയലുകൾ വിവരാവകാശ നിയമപ്രകാരം കൈമാറിയ അണ്ടർ സെക്രട്ടറി ഒ.ജി ശാലിനിയെ ശാസിച്ച റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി രണ്ട് മാസത്തെ അവധിയിൽ പ്രവേശിക്കാൻ അവരോട് നിർദേശിച്ചിരുന്നു. അതിന് പിന്നാലെ ഇവർക്ക് നൽകിയ ഗുഡ് സർവീസ് എൻട്രി റദ്ദാക്കാനും തീരുമാനിച്ചു. ഒ.ജി ശാലിനിയുടെ ഗുഡ് സർവീസ് എൻട്രി റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിൽ പിഴവ് ഉണ്ടായിതിനേത്തുടർന്ന് ഉത്തരവിൽ തിരുത്തൽ വരുത്തി ഇന്നലെ ഉത്തരവിറക്കിയിരുന്നു.
എന്നാൽ പ്രതികാര നടപടിയുടെ ഭാഗമായി ഉത്തരവിറക്കിയ ജയാതിലകിനെ സ്ഥാനത്ത് നിന്നും മാറ്റുന്നത് വരെ പ്രതിഷേധം തുടരാണ് സെക്രട്ടറിയേറ്റിലെ പ്രതിപക്ഷ സംഘടനകളുടെ തീരുമാനം. വിവരാവകാശ നിയമപ്രകാരം മറുപടി നൽകിയ ഉദ്യോഗസ്ഥക്കെതിരേ നടപടി സ്വീകരിച്ചത് വിവരാവകാശ ലംഘനം ആണെന്നും ഇതിനെതിരേ നടപടി വേണമെന്നും ആവശ്യപ്പെട്ട് വിവരാവകാശ പ്രവർത്തകനായ പ്രാണകുമാർ വിവരാവകാശ കമ്മീഷന് പരാതിയും നൽകിയിട്ടുണ്ട്.
Content Highlights:Muttil tree felling:O.G. Shalini was shifted out of Secretariat