പാരിസ് > ഇസ്രയേലിന്റെ പെഗാസസ് ചാര സോഫ്റ്റ്വെയര് ഉപയോഗിച്ചുള്ള ഫോണ് ചോര്ത്തലില് ഫ്രാന്സില് അന്വേഷണം. മൊറോകോ ഇന്റലിജന്സ് വിഭാഗത്തിനെതിരായ പരാതിയിലാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നതെന്ന് പ്രോസിക്യൂട്ടര്മാരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തു. പെഗാസസ് ഫോണ് ചോര്ത്തല് വിവരങ്ങള് മാധ്യമങ്ങളുടെ സംയുക്ത അന്വേഷണത്തില് പുറത്തുവന്നതിനെ തുടര്ന്ന് ആദ്യമായാണ് ഒരു രാജ്യം അന്വേഷണത്തിന് തയ്യാറായിരിക്കുന്നത്.
ഫ്രാന്സിലെ ചില മാധ്യമപ്രവര്ത്തകരുടെ ഫോണ് ചോര്ത്തുന്നതിനായി മൊറോകോ ഇന്റലിജന്സ് പെഗാസസ് സോഫ്റ്റ്വെയര് ഉപയോഗിച്ചു എന്ന കണ്ടെത്തിയിരുന്നു. 30 മാധ്യമപ്രവര്ത്തകരുള്പ്പെടെ ആയിരത്തോളം ഫ്രഞ്ച് പൗരന്മാരുടെ ഫോണ് ചോര്ത്തപ്പെട്ടതായാണ് വിവിധ മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തത്. എന്നാല് പുറത്തുവന്ന റിപ്പോര്ട്ട് മൊറോകോ നിഷേധിച്ചു.
ഇസ്രയേലി ചാര സോഫ്റ്റ്വെയറിന്റെ നിരീക്ഷണത്തില് ഉള്പ്പെട്ടവരില് ഭൂരിഭാഗവും വിവിധരാജ്യങ്ങളില് നിന്നുള്ള മാധ്യമ, രാഷ്ട്രീയ, മനുഷ്യാവകാശ പ്രവര്ത്തകരാണ്. വാഷിങ്ടണ് പോസ്റ്റ്, ദ ഗാര്ഡിയന്, ദ വയര് തുടങ്ങി 17 മാധ്യമങ്ങള് നടത്തിയ സംയുക്ത അന്വേഷണത്തില് കണ്ടെത്തിയ വിവരങ്ങളനുസരിച്ച് അമ്പതിനായിരത്തിലധികം ഫോണ് വിവരമാണ് ചോര്ത്തപ്പെട്ടത്. ഇതില് തിരിച്ചറിയാനായത് 50 രാജ്യത്തുനിന്നുള്ള ആയിരത്തിലധികം പേരെയാണ്.
189 മാധ്യമപ്രവര്ത്തകര്, രാഷ്ട്രീയ പ്രവര്ത്തകരും ഉന്നത സ്ഥാനങ്ങളിലുള്ളവരുമായ അറുനൂറോളം പേര്, 85 മനുഷ്യാവകാശ പ്രവര്ത്തകരും അറുപത്തഞ്ചോളം ബിസിനസ് പ്രമുഖരും ഇതില് ഉള്പ്പെടുന്നു. ദ അസോസിയേറ്റഡ് പ്രസ്, റോയ്റ്റേഴ്സ്, സിഎന്എന്, ദ വാള് സ്ട്രീറ്റ് ജേര്ണല്, ലെ മുന്ദ്, ദ ഫൈനാന്ഷ്യല് ടൈംസ് തുടങ്ങിയ സ്ഥാപനങ്ങളിലെ മാധ്യമ പ്രവര്ത്തകരെയാണ് പ്രധാനമായും ചോര്ത്തിയത്.
ഇന്ത്യയില് പെഗാസസ് ഫോണ് ചോര്ത്തലില് ഭരണ– പ്രതിപക്ഷ വ്യത്യാസമില്ലാതെ രാഷ്ട്രീയ നേതാക്കള് കൂട്ടമായി ഇരയാക്കപ്പെട്ടു. കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി, തെരഞ്ഞെടുപ്പ് തന്ത്രജ്ഞന് പ്രശാന്ത് കിഷോര്, മമത ബാനര്ജിയുടെ അനന്തരവന് അഭിഷേക് ബാനര്ജി, കേന്ദ്ര മന്ത്രിമാരായ അശ്വനി വൈഷ്ണവ്, പ്രഹ്ലാദ് പട്ടേല്, വിഎച്ച്പി നേതാവ് പ്രവീണ് തൊഗാഡിയ, രാജസ്ഥാന് മുഖ്യമന്ത്രിയായിരുന്ന വസുന്ധര രാജെ സിന്ധ്യയുടെ പ്രൈവറ്റ് സെക്രട്ടറി, കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ഒഎസ്ഡി, തെരഞ്ഞെടുപ്പ് കമീഷന് അംഗമായിരുന്ന അശോക് ലവാസ, ബില് ആന്ഡ് മെലിന്ഡ ഗേറ്റ്സ് ഫൗണ്ടേഷന്റെ ഇന്ത്യാ ഹെഡ് ഹരി മേനോന്, വൈറോളജിസ്റ്റ് ഗഗന്ദീപ് കാങ്, മുന് ചീഫ് ജസ്റ്റിസ് രഞ്ജന് ഗൊഗോയിക്കെതിരായി ലൈംഗികാരോപണം ഉന്നയിച്ച സുപ്രീംകോടതി ജീവനക്കാരിയും ബന്ധുക്കളും ചോര്ത്തല് പട്ടികയിലുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും എതിര്പക്ഷത്തുള്ളവരാണ് ഇരയാക്കപ്പെട്ടവരിലേറെയുമെന്നത് ശ്രദ്ധേയമാണ്.
വിഷയം പ്രതിപക്ഷം പാര്ലമെന്റില് ഉന്നയിച്ച് അന്വേഷണം ആവശ്യപ്പെട്ടിട്ടും കേന്ദ്രസര്ക്കാര് മൗനം തുടരുകയാണ്.