പരാജയം സംഭവിച്ച മണ്ഡലങ്ങളിൽ എല്ലാ പാർട്ടികളും വിശദമായ പരിശോധന നടത്താറുണ്ട്. ജയിച്ചാലും തോൽവിയുണ്ടായാലും ഇത്തരത്തിൽ പരിശോധന നടക്കും. സ്വാഭാവിക കാര്യം മാത്രമാണിത്. നിലവിലെ അന്വേഷണം സിപിഎമ്മിൻ്റെ ആഭ്യന്തരകാര്യമായതിനാൽ അഭിപ്രായം പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ജോസ് കെ മാണി പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിൽ പാലായിലുണ്ടായ പരാജയത്തിലെ ഞങ്ങളുടെ വിലയിരുത്തൽ പാർട്ടി തലത്തിൽ നടക്കുകയാണെന്നും പാർട്ടി ചെയർമാൻ പറഞ്ഞു. ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ ആശങ്കപ്പെടേണ സാഹചര്യമില്ല. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സർക്കർ ന്യൂനപക്ഷ സ്കോളർഷിപ്പിൽ തീരുമാനമെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
ന്യൂനപക്ഷ സ്കോളർഷിപ്പിൻ്റെ ആനുകൂല്യം ഇപ്പോൾ ലഭിച്ച് കൊണ്ടിരിക്കുന്നവർക്ക് ആ വിഹിതത്തിൽ കുറവുണ്ടാകില്ല. സർക്കാർ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ തന്നെ ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്നും ജോസ് കെ മാണി പറഞ്ഞു. അതേസമയം,
പാലാ തോൽവിയെക്കുറിച്ച് അന്വേഷിക്കാൻ സിപിഎം ജില്ലാ നേതൃത്വത്തിന് താൽപ്പര്യമില്ലെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. തോൽവിയുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കൾ നടത്തിയ പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരം ചർച്ചകളുയരുന്നത്.
പാലായിലെ തോൽവി ബിജെപിയുട വോട്ടുകൾ മറിഞ്ഞതുകൊണ്ടാണെന്ന നിലപാടായിരുന്നു തെരഞ്ഞെടുപ്പിന് പിന്നാലെ പാർട്ടി ജില്ലാ നേതൃത്വം സ്വീകരിച്ചത്. ഈ വാദത്തിൽ ഇവർ ഉറച്ചുനിൽക്കുകയാണ്. എന്നാൽ മുന്നണിയിലെ പ്രധാന ഘടകകക്ഷിയായ കേരളാ കോൺഗ്രസ് (എം) മുന്നോട്ടുവച്ച ആവശ്യം തള്ളിക്കളയാൻ കഴിയില്ലെന്ന നിലപാടിലാണ് സിപിഎം സംസ്ഥാന നേതൃത്വം. ഇതോടെയാണ് പാലായിലെ തോൽവിയിലടക്കം അന്വേഷണം നടക്കുക.