തിരുവനന്തപുരം
സ്ത്രീ സംബന്ധമായതും വനിതാ സ്ഥാപകരുടെതുമായ സ്റ്റാർട്ടപ്പിന് ലോകശ്രദ്ധ നേടാൻ അവസരവുമായി കേരള സ്റ്റാർട്ടപ് മിഷൻ(കെഎസ്യുഎം). ‘ഷീ ലവ്സ് ടെക്കി’ന്റെ സഹകരണത്തോടെ കെഎസ്യുഎം അന്താരാഷ്ട്ര സ്റ്റാർട്ടപ് മത്സരം സംഘടിപ്പിക്കുന്നു. സ്ത്രീ സംബന്ധമായതും വനിതാ സ്ഥാപകരുടെതുമായ സ്റ്റാർട്ടപ്പുകൾക്ക് ‘ഷി ലവ്സ് ടെക് 2021 ആഗോള സ്റ്റാർട്ടപ് മത്സരം’ത്തിൽ പങ്കെടുക്കാം. സെപ്തംബർ 8നാണ് മത്സരം. മുന്നോടിയായി ബുധനാഴ്ച വെർച്വൽ റോഡ്ഷോ സംഘടിപ്പിക്കും.
അഞ്ചു ദശലക്ഷം ഡോളർ (37.48 കോടി രൂപ) നിക്ഷേപം നേടിയതും വിജയപ്രദമായ ഉൽപ്പന്നം വികസിപ്പിച്ചതുമായ സ്റ്റാർട്ടപ്പുകൾക്ക് മത്സരത്തിൽ പങ്കെടുക്കാം. ഓസ്ട്രേലിയ, ബംഗ്ലാദേശ്, കംബോഡിയ, ചൈന, ജർമനി, ഇന്ത്യ, ഇന്തോനേഷ്യ, ഇസ്രയേൽ, ഇറ്റലി, ലാത്വിയ, ലിത്വാനിയ, മലേഷ്യ, മംഗോളിയ, നേപ്പാൾ, നൈജീരിയ, നോർവേ, പാകിസ്ഥാൻ, പോളണ്ട്, ഫിലിപ്പൈൻസ്, റഷ്യ, സിംഗപ്പുർ, ശ്രീലങ്ക, തായ്ലൻഡ്, വിയറ്റ്നാം, യുഎഇ, അമേരിക്ക തുടങ്ങി നാൽപ്പതിലധികം രാജ്യങ്ങളിലാണ് മത്സരം നടക്കുന്നത്.
മത്സരത്തിലൂടെ സ്റ്റാർട്ടപ്പുകൾക്ക് തേജാ വെഞ്ച്വേഴ്സ്, ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക് വെഞ്ച്വേഴ്സ് തുടങ്ങിയവയിൽനിന്ന് 50,000 ഡോളർവരെ (37.47 ലക്ഷം രൂപ) സ്വന്തമാക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി 31. രജിസ്റ്റർ ചെയ്യാൻ http://www.startupmission.in/shelovestech/ എന്ന വെബ്സൈറ്റും വെർച്വൽ റോഡ്ഷോയിൽ രജിസ്റ്റർ ചെയ്യാൻ https://bit.ly/SLTRoadshow എന്ന വെബ്സൈറ്റും സന്ദർശിക്കുക.