തിരുവനന്തപുരം
കൈയിലുള്ള നാണയത്തുട്ട് നീന്തൽക്കുളത്തിലേക്കിട്ട് പരിശീലകൻ പറഞ്ഞു. ‘മുങ്ങിയെടുത്താൽ അത് നിനക്ക് സ്വന്തം’. വെള്ളത്തിൽ തലതാഴ്ത്താൻ മടിയായിരുന്നു അവന്. എങ്കിലും നാണയത്തുട്ടിനായി നീന്തി. അവൻ വളർന്നു. നീന്തൽക്കുളം കീഴടക്കി. ഇന്ന് നീന്തുന്നത് ഒളിമ്പിക്സ് മെഡലിലേക്ക്. പേര് സജൻ പ്രകാശ്. രാജ്യത്തിന്റെ ഒളിമ്പിക്സ് പ്രതീക്ഷയാണ് ഈ ഇരുപത്തേഴുകാരൻ. സജന്റെ ഒളിമ്പിക്സ് പ്രതീക്ഷകളിലേക്ക്.
സാധ്യതകൾ, വെല്ലുവിളികൾ
ആദ്യലക്ഷ്യം സെമിഫൈനൽ. ലോകോത്തര താരങ്ങളാണ് എതിരാളികൾ. കടുത്ത മത്സരമായിരിക്കും. മികച്ച സമയത്തിനായി കഴിവിന്റെ പരമാവധി പുറത്തെടുക്കും. ഭാവിതാരങ്ങൾക്കുകൂടി പ്രചോദനമാകുന്നതായിരിക്കണം പ്രകടനം.
എ സ്റ്റാൻഡേർഡോടെ
നേരിട്ട് യോഗ്യത, തുടർച്ചയായി രണ്ടാം ഒളിമ്പിക്സ്
നേരിട്ട് യോഗ്യത നേടാൻ കഴിഞ്ഞതിൽ സന്തോഷവും അഭിമാനവും. 200 മീറ്റർ ബട്ടർഫ്ലൈയിലാണ് മത്സരിക്കുന്നത്. റോമിലെ സെറ്റിക്കോളി ചാമ്പ്യൻഷിപ്പിൽ 1:56.38 സമയത്തിൽ ദേശീയ റെക്കോഡോടെയായിരുന്നു ഒന്നാമതെത്തി യോഗ്യത നേടിയത്.
സെറ്റിക്കോളി ചാമ്പ്യൻഷിപ്
സെറ്റിക്കോളി ചാമ്പ്യൻഷിപ് യോഗ്യതയ്ക്കുള്ള അവസാന അവസരമായിരുന്നു. ‘‘ജീവിക്കുക അല്ലെങ്കിൽ മരിക്കുക’’ എന്നു മനസ്സിൽ കുറിച്ചാണ് മത്സരിക്കാൻ ഇറങ്ങിയത്. ലക്ഷ്യം കൈവരിച്ചു.
റിയോ ഒളിമ്പിക്സിനുശേഷമുള്ള മാറ്റങ്ങൾ
റിയോക്കുശേഷം എന്റെ കുറവുകൾ എവിടെയാണെന്ന് പരിശോധിച്ചു. പോരായ്മകൾ തിരുത്തി. തീവ്രപരിശീലനം നടത്തി.
കോവിഡ്, പരിശീലനം
തയ്യാറെടുപ്പിനെ കോവിഡ് സാരമായി ബാധിച്ചിരുന്നു. ചില മത്സരങ്ങൾ നഷ്ടമായി. പരിശീലനത്തെയും ബാധിച്ചു. എന്നാൽ, അതെല്ലാം മറികടന്നു. അവസാനഘട്ടങ്ങളിൽ ശാരീരികക്ഷമതയും ശക്തിയും കൂട്ടുന്നതിലായിരുന്നു ശ്രദ്ധ.
പിന്തുണ
പരിശീലകൻ എസ് പ്രദീപ് കുമാർ സാർ, അദ്ദേഹത്തിന്റെ ഭാര്യ, സ്വിമ്മിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ, കേരള പൊലീസ്, അൻസ അക്കാദമി ഉൾപ്പെടെ എല്ലാവരും വലിയ പിന്തുണയാണ് നൽകുന്നത്. കഴിഞ്ഞ ഒരുവർഷത്തിലധികമായി പ്രദീപ് സാറിന്റെ വീട്ടിലാണ് താമസം. അമ്മയാണ് എന്റെ എല്ലാം.
അമ്മക്കരുത്ത്
സജനെ ലോകമറിയുന്ന നീന്തൽത്താരമാക്കിയതിനുപിന്നിൽ അമ്മ ഷാന്റിമോളുടെ ആത്മാർപ്പണമുണ്ട്. ഇടുക്കി മണിയാറംകുടി സ്വദേശിയായ ഷാന്റി മുൻ കായികതാരംകൂടിയാണ്. രണ്ടാംവയസ്സിൽ സജനെ അച്ഛൻ ഉപേക്ഷിച്ചു. പിന്നെ അമ്മക്കരുത്തിലായി വളർച്ച. ‘‘നീന്താൻ മടിയായിരുന്നു സജന്. നീന്തലിൽ ഉറപ്പിച്ചത് എൻഎൽസി (നെയ്വേലി ലിഗ്നെറ്റ് കോർപറേഷൻ)യിലെ ജോയി ജോസഫ് തോപ്പന്റെ നാണയവിദ്യയും സമ്മാനങ്ങളുമായിരുന്നു. അഞ്ചാംവയസ്സിൽ നീന്താൻ തുടങ്ങി. ആദ്യപരിശീലകർ ജോയിയും സജി സെബാസ്റ്റ്യനുമായിരുന്നു. പ്ലസ്ടുവിനുശേഷം പ്രദീപിന്റെ കൂടെ. എൻഎൽസിയിലെ ജോലിയിൽനിന്ന് ലഭിച്ചിരുന്ന എന്റെ ശമ്പളം മാത്രമായിരുന്നു ഏക വരുമാനമാർഗം. നെയ്വേലിയിലെ ക്വാർട്ടേഴ്സിലാണ് താമസം. കേരളത്തിൽ സ്വന്തം വീടെന്ന ആഗ്രഹം ഇനിയും സഫലമായിട്ടില്ല. സജന് ജി വി രാജാ പുരസ്കാരം, ജോലിയിൽ സ്ഥാനക്കയറ്റം എന്നീ സ്വപ്നങ്ങൾ ശേഷിക്കുന്നു–- ഷാന്റി പറയുന്നു.