ന്യൂഡൽഹി
കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാണ് കേരളത്തിൽ ബക്രീദിന് ഇളവുകൾ അനുവദിച്ചതെന്ന് സംസ്ഥാനസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. പ്രതിദിന കേസുകളും രോഗവ്യാപനവും കുറഞ്ഞ പ്രദേശങ്ങളിലാണ് ഇളവുള്ളത്. വിദഗ്ധരുമായി കൂടിയാലോചിച്ചശേഷം സാഹചര്യങ്ങൾകൂടി കണക്കിലെടുത്ത് ചില മേഖലകളിൽ മാത്രമാണിത്. സുരക്ഷാനിർദേശങ്ങൾ പാലിക്കുന്നുണ്ടോയെന്ന് കർശനമായി വിലയിരുത്തുന്നുണ്ടെന്നും സംസ്ഥാനസർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞു.
ഉത്തർപ്രദേശിലെ കാവടിയാത്രയ്ക്ക് അനുമതി നൽകിയതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിൽ, കേരളത്തിൽ ബക്രീദിന് ഇളവുകൾ നൽകിയ ഉത്തരവ് റദ്ദാക്കാൻ ആവശ്യപ്പെട്ട് ബിജെപി അനുഭാവി പി കെ ഡി നമ്പ്യാർ തിങ്കളാഴ്ച ഇടപെടൽ ഹർജി നൽകിയിരുന്നു. ഹർജി പരിഗണിച്ച ജസ്റ്റിസ് ആർ എഫ് നരിമാൻ അധ്യക്ഷനായ ബെഞ്ച് സംസ്ഥാനസർക്കാരിനോട് പ്രതികരണം ആരാഞ്ഞു. കോവിഡ് ഏറ്റവും ഫലപ്രദമായി കൈകാര്യംചെയ്ത സംസ്ഥാനമാണ് കേരളമെന്നും ജാഗ്രത പുലർത്തുന്നുണ്ടെന്നും സ്റ്റാൻഡിങ് കോൺസൽ ജി പ്രകാശ് പ്രതികരിച്ചു. നിലപാട് വ്യക്തമാക്കി തിങ്കളാഴ്ചതന്നെ സത്യവാങ്മൂലം നൽകാൻ സർക്കാരിനോട് കോടതി നിർദേശിച്ചു.
കേരളത്തിൽ ഒരുമാസത്തിലേറെ നീണ്ട അടച്ചുപൂട്ടലുണ്ടായത് സർക്കാർ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാണിച്ചു. ഇതേത്തുടർന്നുണ്ടായ ബുദ്ധിമുട്ടുകൾ ലഘൂകരിക്കാൻ ഘട്ടംഘട്ടമായി ഇളവുകൾ അനുവദിക്കുന്നുണ്ട്. 30 ശതമാനം ഉണ്ടായിരുന്ന ടിപിആർ റേറ്റ് 10 ശതമാനമാക്കി നിയന്ത്രിക്കാൻ കഴിഞ്ഞു. അടച്ചുപൂട്ടൽ തീരുമാനിക്കുന്നത് തദ്ദേശസ്ഥാപനങ്ങളാണ്. സാഹചര്യങ്ങൾ വിലയിരുത്തി അവർ ആ ജോലി കൃത്യമായി നിർവഹിക്കുന്നുണ്ടെന്നും സർക്കാർ പറഞ്ഞു. ചൊവ്വാഴ്ച രാവിലെ സർക്കാർ സത്യവാങ്മൂലം കോടതി പരിഗണിക്കും.