കോഴിക്കോട്: കോഴിക്കോട് മിഠായിത്തെരുവിൽ കോർപ്പറേഷന്റെ അനുമതിയുള്ള വഴിയോര കച്ചവടക്കാർക്ക് കച്ചവടം നടത്താം.
ഇതിനായി 36 കേന്ദ്രങ്ങൾ കോർപ്പറേഷൻ മാർക്ക് ചെയ്ത് നൽകും. കോർപറേഷൻ സ്ട്രീറ്റ് വെൻഡിങ് കമ്മറ്റിയുമായി വ്യാപാരികളും പോലീസും നടത്തിയ ചർച്ചയിലാണ് തീരുമാനം.
കടകൾ തുറന്നുപ്രവർത്തിക്കാൻ ആരംഭിച്ചെങ്കിലും വഴിയോരക്കച്ചവടം അനുവദിക്കില്ലെന്ന നിലപാട് പോലീസ് സ്വീകരിച്ചതിനു പിന്നാലെ കച്ചവടക്കാരും പോലീസും തമ്മിൽ ഇന്ന് തർക്കവും സംഘർഷും ഉണ്ടായിരുന്നു.
മിഠായി തെരുവിൽ പ്രവർത്തിക്കാൻ ലൈസൻസുള്ള നൂറിലേറെ വഴിയോര കച്ചവടക്കാരുണ്ട്. ഇവരെ കച്ചവടം നടത്താൻ അനുവദിക്കണമെന്നായിരുന്നു വ്യാപാരികളുടെ ആവശ്യം. എന്നാൽ, വഴിയോര കച്ചവടം തുടങ്ങിയാൽ ആളുകൾ കൂടാൻ സാധ്യതയുണ്ടെന്നും അനുവദിക്കാനാവില്ലെന്നും കച്ചവടം നടത്തിയാൽ പിടിച്ചെടുക്കുമെന്നും പോലീസ് അറിയിച്ചു. ഇതോടെ കച്ചവടക്കാർ സംഘടിച്ചെത്തുകയായിരുന്നു.
ഇതിനു പിന്നാലെ കോർപറേഷൻ സ്ട്രീറ്റ് വെൻഡിങ് കമ്മറ്റിയുമായി വ്യാപാരികളും പോലീസും നടത്തിയ ചർച്ചയിലാണ് തീരുമാനമുണ്ടായത്.
content highlights:street vendors allowed in kozhikode sm street