കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ഏകപക്ഷീയമായി നടപ്പിലാക്കാൻ ശ്രമിക്കുന്ന നിയമങ്ങൾ ലക്ഷ്ദ്വീപ് ജനങ്ങൾക്ക് എതിരാണെന്നും അടിസ്ഥാന തത്ത്വങ്ങൾ അഡ്മിനിസ്ട്രേറ്റർ അവഗണിക്കുന്നു എന്നും ഹൈബി ഈഡൻ എം. പി ലോക്സഭയിൽ.
നയരൂപീകരണത്തിൽ ജനങ്ങളുടെ അഭിപ്രായം സ്വീകരിക്കാതെ അടിസ്ഥാന തത്ത്വങ്ങൾ പോലും അഡ്മിനിസ്ട്രേറ്റർ അവഗണിക്കുകയാണ്. തന്മൂലം ലക്ഷദ്വീപിലെ സ്വദേശികൾക്ക് ഉപജീവനമാർഗവും, അവരുടെ അവകാശങ്ങളും, നീതിയും നിഷേധിക്കപ്പെട്ടുവെന്നും തൊഴിൽ നഷ്ടമുണ്ടായെന്നും ഹൈബി ഈഡൻ എം.പി കുറ്റപ്പെടുത്തി.
കോവിഡ് -19 വ്യാപനം ചൂണ്ടികാട്ടി കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ പ്രവേശനം പോലും നിയന്ത്രിച്ച അഡ്മിനിസ്ട്രേറ്റർ, പരിചാരകരുമായിട്ടാണ് ലക്ഷദ്വീപിലേക്ക് വന്ന് പോയത്. ലക്ഷദ്വീപിന്റെ അധികാരപരിധി കേരള ഹൈക്കോടതിയിൽ നിന്ന് കർണാടക ഹൈക്കോടതിയിലേക്ക് മാറ്റാനുള്ള തീരുമാനം രാഷ്ട്രീയപരമാണെന്നും എം.പി പറഞ്ഞു.