ബെംഗളൂരു: ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പുതിയ ബെഞ്ച് പരിഗണിക്കും. ഇതുവരെ വാദം കേട്ട ജഡ്ജി അവധിയിൽ പോകുന്നതിനാലാണ് നടപടി.ഇത്16-ാം തവണയാണ് ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി പരിഗണിക്കുന്നത്. വാദം തുടങ്ങിയ ഉടനെ തന്നെ ജഡ്ജി താൻ അവധിയിൽ പോകുകയാണെന്നും പുതിയ ബെഞ്ചിന് മുൻപാകെ ജാമ്യാപേക്ഷ സംബന്ധിച്ച വാദങ്ങൾ അവതരിപ്പിക്കാമെന്നും അറിയിക്കുകയായിരുന്നു.
എന്നാൽ ഇത്രയും നാൾ കേസ് പരിഗണിച്ച ബെഞ്ച് തന്നെ തുടർന്നും വാദം കേൾക്കണമെന്ന് ബിനീഷിന്റെ അഭിഭാഷകൻ അവശ്യപ്പെട്ടു. എത് ബെഞ്ചിന് മുൻപാകെയാണെങ്കിലും വാദം അവതരിപ്പിക്കാൻ തയ്യാറാണെന്ന് ഇ.ഡിയുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.
മാതാപിതാക്കളെ കാണാൻ ബിനീഷിന് രണ്ട് ദിവസത്തെ പരോൾ അനുവദിക്കണമെന്ന് അഭിഭാഷകൻ അവശ്യപ്പെട്ടെങ്കിലും ഇ.ഡിയുടെ അഭിഭാഷകൻ ഇതിനെ ശക്തമായി എതിർത്തു. കേസിൽ തുടർന്ന് വാദം കേൾക്കുന്നത് അടുത്ത തിങ്കളാഴ്ചയിലേക്ക് മാറ്റി. ഇ.ഡിയ്ക്കായി അഡീഷണൽ സോളിസിറ്റർ ജനറൽ അമൻ ലേഖി ഹാജരായി.
Content Highlights: Bineesh Kodiyeris bail application transferred to another bench