കോഴിക്കോട് > ബേപ്പൂരിനെ സമ്പൂര്ണ ഭിന്നശേഷി സൗഹൃദ മണ്ഡലമാക്കുന്ന പദ്ധതിക്ക് തുടക്കം . മണ്ഡലത്തിന്റെ സാമൂഹികാന്തരീക്ഷം ഭിന്നതകളുള്ളവരെ കൂടി ഉള്കൊള്ളുന്ന രീതിയിലേക്കാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്ന് സ്ഥലം എംഎൽഎയും മന്ത്രിയുമായിട്ടുള്ള മുഹമ്മദ് റിയാസ് പറഞ്ഞു.
2016 ലെ ഭിന്നശേഷി അവകാശ നിയമത്തില് പ്രതിപാദിച്ചിട്ടുള്ള 21 ഭിന്നശേഷികളുടെയും സര്വ്വെയും വിവരശേഖരണവുമാണ് ആദ്യഘട്ടത്തില് മണ്ഡലത്തില് നടത്തുന്നത്. മണ്ഡലത്തിലെ അര്ഹരായ ഭിന്നശേഷിക്കാര്ക്കെല്ലാം മെഡിക്കല്ബോര്ഡ് സര്ട്ടിഫിക്കറ്റും ലീഗല് ഗാര്ഡിയന്ഷിപ്പ് സര്ട്ടിഫിക്കറ്റും ഉറപ്പുവരുത്തും. ഭിന്നശേഷിക്കാരുടെ അവകാശ-ആനുകൂല്യങ്ങള് ലഭ്യമാക്കല്, വിദ്യാലയങ്ങളില് ഇന്ക്ലൂസീവ് എഡ്യുക്കേഷന് നടപ്പിലാക്കുന്നു എന്ന് ഉറപ്പുവരുത്തല്, ഉപരിപഠന സഹായം, നൈപുണ്യ വികസനം, സ്വയംതൊഴില് പദ്ധതികള്, ആരോഗ്യ-സാമൂഹ്യസുരക്ഷാ പദ്ധതികള്, തീവ്രഭിന്നശേഷിത്തമുള്ളവര്ക്ക് പ്രത്യേക പദ്ധതി, ബോധവല്ക്കര പ്രവര്ത്തനങ്ങള്, കലാകായിക അഭിരുചികളെ പ്രോത്സാഹിപ്പിക്കല് തുടങ്ങിയവ ബേപ്പൂര് ഭിന്നശേഷി സൗഹൃദ പദ്ധതിയിലൂടെ നടപ്പിലാക്കും.
കൂടാതെ മണ്ഡലത്തിലെ പൊതു സ്ഥാപനങ്ങള്, പൊതു ശൗചാലയങ്ങള്, പൊതു യാത്ര മാര്ഗങ്ങള്, വിനോദ കേന്ദ്രങ്ങള് എന്നിവയൊക്കെ ഭിന്നശേഷി സൗഹൃദമാക്കേണ്ടതുണ്ട്. അതിനുള്ള നടപടികളും സ്വീകരിക്കും. കെട്ടിടങ്ങളില് കൃത്യമായ മാനദണ്ഡങ്ങള് അനുസരിച്ച് നിര്മിച്ച റാമ്പുകളണ് നമുക്കാവശ്യം. മാത്രമല്ല, ഒരു കെട്ടിടത്തില് കഴിയുന്നത്ര പരസഹായം ഇല്ലാതെ പോകുവാനും അവിടെ ഉദേശിച്ച ന്യായമായ കാര്യം സാധിക്കുവാനും ഒരു വ്യക്തിക്ക് സാധിക്കുമ്പോള് മാത്രമേ ആ കെട്ടിടം ഭിന്നശേഷി സൗഹൃദമാകുന്നുള്ളൂ. ഭിന്നശേഷി സൗഹൃദ സമൂഹത്തിന്റെ പരിച്ഛേദം ആകണം ഭിന്നശേഷി സൗഹൃദ കെട്ടിടം.
ദുര്ബല ജനവിഭാഗങ്ങളെ ചേര്ത്തു നിര്ത്തുമ്പോഴും ശാക്തീകരിക്കുമ്പോഴുമാണ് നമ്മുടെ സമൂഹം സാംസ്കാരിക പുരോഗതി നേടുക. ഭിന്നശേഷി സമൂഹം അവരുടെ അവകാശങ്ങള് തിരിച്ചറിഞ്ഞിട്ടുണ്ട്. അതിനുള്ള മുഴുവന് പിന്തുണയും ഉറപ്പുവരുത്തലാണ് ബേപ്പൂര് ഭിന്നശേഷി സൗഹൃദ മണ്ഡലം പദ്ധതിയുടെ ലക്ഷ്യം. അതിന് മണ്ഡലത്തിലെ മുഴുവന് ജനങ്ങളുടെയും സഹകരണം അഭ്യര്ത്ഥിക്കുന്നതായും റിയാസ് പറഞ്ഞു.