തിരുവനന്തപുരം: മുട്ടിൽ മരംമുറി വിവാദത്തിൽ ഉദ്യോഗസ്ഥയ്ക്കെതിരെ പ്രതികാര നടപടി സ്വീകരിച്ച റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ജയതിലകിനെതിരെ പ്രതിഷേധം. മരംമുറി വിവാദത്തിൽ വിവരാവകാശ നിയമപ്രകാരം മറുപടി നൽകിയ അണ്ടർ സെക്രട്ടറിയുടെ ഗുഡ് സർവീസ് എൻട്രി റദ്ദാക്കിയതിനെതിരെയാണ് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിലിന്റെ പ്രതിഷേധം.
നോർത്ത് ഗേറ്റിന് മുന്നിലാണ് പ്രതിഷേധം നടന്നത്. ഗുഡ് സർവീസ് എൻട്രി റദ്ദാക്കിയ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ആക്ഷൻ കൗൺസിൽ ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ചത്. നേരത്തെ ആക്ഷൻ കൗൺസിൽ അംഗങ്ങളായ ഉദ്യോഗസ്ഥരെ സെക്രട്ടേറിയറ്റിൽ നിന്ന് സ്ഥലംമാറ്റിയാണ് പ്രതികാര നടപടികൾ ആരംഭിച്ചത്. കന്റോൺമെന്റ് ഗേറ്റിന് മുന്നിൽ നടത്താനിരുന്ന പ്രതിഷേധ പരിപാടിക്ക് മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്നുണ്ടെന്ന് കാണിച്ച് പോലീസ് അനുമതി നിഷേധിച്ചിരുന്നു.
മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതിഷേധ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചിരുന്നു. ഉദ്യോഗസ്ഥയ്ക്ക് എതിരായ പ്രതികാര നടപടിയെ കുറിച്ച് അറിയില്ലന്ന മുഖ്യമന്ത്രി പിണറായി വിജയൻ, റവന്യൂ മന്ത്രി കെ. രാജൻ എന്നിവരുടെ പ്രസ്താവനകള അദ്ദേഹം പരിഹസിച്ചു. ആരുടെ ഭരണമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നായിരുന്നു ചെന്നിത്തലയുടെ ചോദ്യം.
തുടർന്നും ഇത്തരം പ്രതികാര നടപടകിളുണ്ടായേക്കാം എന്നത് മുന്നിൽക്കണ്ടാണ് പ്രതിഷേധവുമായി ആക്ഷൻ കൗൺസിൽ രംഗത്ത് വന്നത്. അസാധാരമണായ പ്രതിഷേധമാണ് സെക്രട്ടേറിയറ്റിന് മുന്നിൽ നടന്നത്.
Content Highlights: Secratariat action Council protests against revenue Principal Secratary jayatilak