തിരുവനന്തപുരം > പൂജപ്പുര സെൻട്രൽ ജയിലിൽ സുരക്ഷയുടെ ഭാഗമായി തടവുകാരുടെ ഫോൺവിളി റെക്കോഡ് ചെയ്യുന്നു. പദ്ധതി മറ്റ് സെൻട്രൽ ജയിലുകളിലും നടപ്പാക്കും. തടവുകാർ അനുവദനീയമായ നമ്പറിലേക്ക് വിളിക്കുന്ന കോൾ ചിലർ ഡൈവേർട്ട് ചെയ്യുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ജയിൽ ചട്ടപ്രകാരം റെക്കോഡ് ചെയ്യുന്നത്.
നിലവിൽ ഒരു തടവുകാരന് രജിസ്റ്റർ ചെയ്ത മൂന്ന് നമ്പറിലേക്ക് വിളിക്കാം. ഇതിനായി പ്രത്യേക കാർഡുണ്ട്. ഫോൺ റൂമിലെത്തി ഈ നമ്പറിലേക്കേ വിളിക്കാനാകു. ഭാര്യ, മാതാപിതാക്കൾ, മറ്റ് ബന്ധുക്കൾ, സുഹൃത്ത്, അഭിഭാഷകൻ എന്നിവരുടെ നമ്പറാകും നൽകുക. എന്നാൽ ഈ നമ്പറിലേക്ക് വിളിക്കുമ്പോൾ നമ്പറിൽനിന്ന് മറ്റാർക്കെങ്കിലും കോൾ ഡൈവേർട്ട് ചെയ്യാം. വീഡിയോ കോളിനും സാധിക്കും. ഇങ്ങനെ ചില സംഭവം ശ്രദ്ധയിൽപ്പെട്ടതോടെയാണ് റെക്കോഡ് ചെയ്യാൻ തീരുമാനിച്ചത്.
കൂടത്തായി കേസിലെ പ്രതി ജോളി ജയിലിൽനിന്ന് സാക്ഷിയെ സ്വാധീനിച്ചതായി പൊലീസ് പറഞ്ഞിരുന്നു. ഇത്തരം പരാതി വരുമ്പോൾ രേഖാമൂലം കോൾ പരിശോധിക്കാം. ജയിൽ സൂപ്രണ്ടിനാണ് ചുമതല.
രാജ്യത്ത് ആദ്യമായി ജയിലിൽനിന്ന് ഫോൺ ചെയ്യാനുള്ള സംവിധാനം ഒരുക്കിയത് കേരളത്തിലാണ്. പിന്നീട് മറ്റ് സംസ്ഥാനങ്ങളിൽ ഏർപ്പെടുത്തിയെങ്കിലും അവിടെ കോൾ റെക്കോഡിങ്ങും ആരംഭിച്ചിരുന്നു. നിലവിൽ കാണാനെത്തുന്ന(ഇന്റർവ്യൂ) ബന്ധുക്കൾ സംസാരിക്കുന്നത് ജയിൽ അധികൃതരുടെ സാന്നിധ്യത്തിലാണ്. കത്ത് വന്നാൽ ജയിൽ ഉദ്യോഗസ്ഥർ വായിച്ച ശേഷമാണ് കൈമാറുക. ഫോൺ ചെയ്യുമ്പോഴും അടുത്ത് ഉദ്യോഗസ്ഥനുണ്ടാകും.