അമ്പലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിലുണ്ടായ പ്രവർത്തന വീഴ്ചയുമായി ബന്ധപ്പെട്ട് സിപിഎം അന്വേഷണ കമ്മിഷൻ ഈ മാസം 25ന് ആലപ്പുഴയിലെത്തും. എളമരം കരീം, കെ.ജെ.തോമസ് എന്നിവരടങ്ങുന്ന രണ്ടംഗ കമ്മിഷനാണ് പ്രവർത്തന വീഴ്ചയെ കുറിച്ച് അന്വേഷിക്കുന്നത്. സംസ്ഥാന സമിതിയുടെ തീരുമാനം ഇന്ന് നടന്ന ജില്ലാ കമ്മിറ്റിയിൽ ചർച്ച ചെയ്തു. ഇതുസംബന്ധിച്ച ചർച്ചയിൽ ജി.സുധാകരൻ പ്രതികരിച്ചില്ല.
ഈ മാസം ആദ്യം ചേർന്ന സിപിഎമ്മിന്റെ സംസ്ഥാന സമിതിയാണ് അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് വീഴ്ചയെ കുറിച്ച് അന്വേഷിക്കാൻ തീരുമാനിച്ചത്. സംസ്ഥാന സമിതി അംഗീകരിച്ച തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ ജി.സുധാകരൻ അമ്പലപ്പുഴയിലെ വിജയത്തിന് അടിസ്ഥാനമായുളള പ്രവർത്തനമല്ല സംഘടിപ്പിച്ചതെന്ന വിമർശനമുണ്ടായിരുന്നു. തുടർന്നാണ് രണ്ടംഗ അന്വേഷണ കമ്മിഷനെ നിയമിച്ചത്. കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.ജെ.തോമസ് എന്നിവരടങ്ങിയ രണ്ടംഗ കമ്മിഷനെയാണ് ഇതിനായി നിയോഗിച്ചത്. ഇവർ 25ന് ആലപ്പുഴയിലെത്തി പരാതിക്കാരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കും.
ആലപ്പുഴയിൽ ഇന്ന് ചേർന്ന ജില്ലാ കമ്മിറ്റിയിൽ കമ്മിഷന്റെ സന്ദർശനമായിരുന്നു പ്രധാനമായും ചർച്ച ചെയ്തത്. ചർച്ചയിൽ 44 അംഗ കമ്മിറ്റിയിൽ അഞ്ചുപേർ മാത്രമാണ് കമ്മിഷനെ നിയോഗിക്കാനുളള സംസ്ഥാന സമിതിയുടെ തീരുമാനത്തിനെതിരേ വിയോജിപ്പ് പ്രകടിപ്പിച്ചത്. ആലപ്പുഴയിലെ പാർട്ടിക്ക് തന്നെ പരിഹരിക്കാവുന്ന കാര്യമായിരുന്നു. ജയിച്ച മണ്ഡലവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് കമ്മിഷനെ നിയോഗിക്കേണ്ട കാര്യമില്ലായിരുന്നുവെന്നാണ് ജി. സുധാകരനെ അനുകൂലിക്കുന്നവർ അഭിപ്രായപ്പെട്ടത്.
ആലപ്പുഴ എം.പി.യായ എ.എം.ആരിഫ് ജി.സുധാകരന്റെ പേരുപറയാതെ വിമർശനം ഉന്നയിച്ചു. ആലപ്പുഴയിലെ ചില മണ്ഡലങ്ങളിൽ തോൽക്കുമെന്ന് ഒരു മുതിർന്ന നേതാവ് തന്നെ പ്രചരിപ്പിച്ചു. ഇത് പ്രവർത്തകരുടെ ആത്മവിശ്വാസത്തെ ബാധിച്ചു എന്ന പരാമർശമാണ് എ.എം.ആരിഫിൽ നിന്ന് ഉണ്ടായത്. എന്നാൽ ഈ വിമർശനങ്ങളോടൊന്നും ജി.സുധാകരൻ പ്രതികരിച്ചില്ല.
ജി.സുധാകരന്റെഘടകം സിപിഎം സംസ്ഥാനസമിതിയാണ്. ജില്ലാ കമ്മിറ്റിയോഗത്തിൽ സംസ്ഥാന സമിതി അംഗങ്ങൾ ഇടപെട്ട് സംസാരിക്കുന്ന പതിവില്ല. വ്യക്തിപരമായ ആരോപണങ്ങളോട് മാത്രമാണ് പ്രതികരിക്കുക.
Content Highlights: Probe against G Sudhakaran, 2 member commission will visit Alappuzha on 25th