ട്രെന്റ്ബ്രിഡ്ജ്
ആവേശകരമായ പോരിനൊടുവിൽ ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്റി–-20യിൽ പാകിസ്ഥാന് 31 റൺ ജയം. പരമ്പരയിൽ പാകിസ്ഥാൻ 1–-0ന് മുന്നിലെത്തി. പാകിസ്ഥാൻ നേടിയത് 6–-232. ഇംഗ്ലണ്ട് 19.2 ഓവറിൽ 201ന് പുറത്തായി. 39.2 ഓവറിൽ ആകെ പിറന്നത് 433 റൺ. 42 പന്തിൽ സെഞ്ചുറിയടിച്ച ലിയാം ലിവിങ്സ്റ്റൺ ഇംഗ്ലണ്ടിന് പ്രതീക്ഷ നൽകിയതാണ്. എന്നാൽ, മൂന്ന് വിക്കറ്റെടുത്ത പാക് പേസർ ഷഹീൻ അഫ്രീദി തടഞ്ഞു. റണ്ണൊഴുക്കിനിടയിലും പന്തുകൊണ്ട് തിളങ്ങിയ അഫ്രീദിയാണ് മാൻ ഓഫ് ദി മാച്ച്.
ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാനുവേണ്ടി ഓപ്പണർമാരായ മുഹമ്മദ് റിസ്വാനും (41 പന്തിൽ 63) ക്യാപ്റ്റൻ ബാബർ അസമും (49 പന്തിൽ 85) മിന്നുന്ന തുടക്കം നൽകി. ഫഖർ സമാൻ എട്ടു പന്തിൽ 26 റണ്ണടിച്ചു.
മറുപടിക്കെത്തിയ ഇംഗ്ലണ്ടിന് 48 റണ്ണെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായി. എന്നാൽ, നാലാമനായി ഇറങ്ങിയ ലിവിങ്സ്റ്റൺ തകർപ്പൻ കളി പുറത്തെടുത്തു. 43 പന്തിൽ 103 റണ്ണാണ് അടിച്ചുകൂട്ടിയത്. ഒമ്പത് സിക്സറും ആറ് ഫോറും ഇന്നിങ്സിൽ ഉൾപ്പെട്ടു. 17–-ാംഓവറിൽ ലിവിങ്സ്റ്റൺ പുറത്തായതോടെ ഇംഗ്ലണ്ടിന്റെ പ്രതീക്ഷ അവസാനിച്ചു. അവസാന മൂന്നോവറിൽ 44 റണ്ണായിരുന്നു ആവശ്യം. വാലറ്റം തകർന്നു.