മലപ്പുറം: ന്യൂനപക്ഷ സ്കോളർഷിപ്പിന് നേരത്തെയുണ്ടായിരുന്ന അനുപാതം മാറ്റി ജനസംഖ്യാടിസ്ഥാനത്തിലാക്കിയ ഇടത് സർക്കാർ നടപടി ബിജെപിക്കല്ലാതെ മറ്റൊരു രാഷ്ട്രീയ പാർട്ടിക്കും അംഗീകരിക്കാനാവില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. സർക്കാർ നടപടിയെ സ്വാഗതം ചെയ്ത പ്രതിപക്ഷ നേതാവുമായി താൻ സംസാരിച്ചിട്ടുണ്ടെന്നും ലീഗിന്റെ നിലപാടിനൊപ്പമാണ് ഉള്ളതെന്ന് അദ്ദേഹം പറഞ്ഞതായും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു. മലപ്പുറത്ത് വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കൂടുതൽ വ്യക്തത വേണമെങ്കിൽ സതീശൻ തന്നെ പ്രതികരിക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി
അനാവശ്യമായ വിഭാഗീയത ഉണ്ടാക്കുന്ന ചർച്ച സർക്കാർ മുൻകൈ എടുത്ത് കൊണ്ടുവരികയാണ്. സച്ചാർ കമ്മീഷൻ റിപ്പോർട്ട് ഒരു സ്കോളർഷിപ്പ് മാത്രമല്ല. ഇന്ത്യയിലെ മുസ്ലിം പിന്നാക്കവസ്ഥയുടെ പ്രശ്നങ്ങൾ പഠിക്കാൻ രൂപീകരിച്ചതാണ് സച്ചാർ കമ്മീഷൻ. ആ കമ്മീഷൻ നിർദേശിച്ച ശുപാർശകൾ നടപ്പിലാക്കാൻ കേരളത്തിൽ ഇടത് സർക്കാർ പാലോളി കമ്മീഷൻ രൂപീകരിച്ചു.
അവരാണ് 80:20 അനുപാതമാക്കിയത്. അതാണ് ഈ ചർച്ചമുഴുവനും ഉണ്ടാക്കിയത്. ഒരു സമുദായത്തിലെ പിന്നാക്കാവിഭാഗത്തിലുള്ളവരെ പഠിച്ച് കൊണ്ടുവന്ന പദ്ധതിയണിത്. അതിനെയാണ് ഇങ്ങനെ വികലമാക്കിയത്. മറ്റു ന്യൂനപക്ഷങ്ങൾക്ക് ഒരു കമ്മീഷൻ വെച്ച് മറ്റൊരു സ്കീം കൊണ്ടുവന്നാൽ മതി. സച്ചാർ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുന്നതിന് പകരം ആദ്യം വെട്ടിക്കുറച്ചു. ഇപ്പോൾ ഇല്ലാതാക്കുകയാണ് ഇടത് സർക്കാർ ചെയ്തിട്ടുള്ളത്. അതൊരു സത്യമാണ്. ആ വസ്തുതയാണ് ഞങ്ങൾ ഉയർത്തിക്കാണിക്കുന്നത്.
സച്ചാർ കമ്മീഷൻ ബന്ധപ്പെട്ട സമുദായത്തിനും മറ്റു ന്യൂനപക്ഷങ്ങൾ മറ്റു പദ്ധതികളും ആവശ്യപ്പെട്ട് രേഖമൂലം ഞങ്ങൾ മുഖ്യമന്ത്രിക്ക് കത്ത് കൊടുത്തതാണ്. സർക്കാർ അത് ചെയ്യാതെ അനാവശ്യമായ ചർച്ച നടത്തുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
രണ്ടും രണ്ടായി പരിഗണിക്കണമെന്ന ലീഗിന്റെ അഭിപ്രായത്തോട് കൂടെയാണ് ഉള്ളതെന്നാണ് പ്രതിപക്ഷ നേതാവുമായി ഞാൻ സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്. സർക്കാരിന്റെ നിലപാട് ഒരു നിലക്കും സ്വാഗതം ചെയ്യുന്നില്ല. അതിനെ ഞങ്ങൾ നിയമസഭയിലടക്കം എതിർക്കും. കണക്ക് കണക്കാണ്. പ്രതിപക്ഷ നേതാവിന്റെ നിലപാടല്ല ഇപ്പോഴത്തെ വിഷയം. സച്ചാർ കമ്മീഷൻ നിർദേശം തള്ളികളയുന്ന ഇടതുപക്ഷ സർക്കാരിന്റെ നിലപാടി ബിജെപിക്കല്ലാതെ മറ്റൊരു പാർട്ടിക്കും അംഗീകരിക്കാനാകില്ല കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ന്യൂനപക്ഷ സ്കോളർഷിപ്പ് വിവാദത്തിൽ യുഡിഎഫിലെ ഭിന്നത മറനീക്കി പുറത്തുവന്നതിന് പിന്നാലെയാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. സർക്കാർ നടപടിയെ ആദ്യം സ്വാഗതം ചെയ്ത വി.ഡി സതീശൻ ലീഗ് അതൃപ്തി അറിയിച്ചതോടെ ഭാഗികമായി സ്വാഗതം ചെയ്യുകയാണെന്നാണ് ഇന്ന് പറഞ്ഞത്. ലീഗിന്റെ പരാതി കേൾക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Read more: ന്യൂനപക്ഷ സ്കോളർഷിപ്പ്: സ്വാഗതം ചെയ്ത് സതീശൻ, എതിർത്ത് ലീഗ്; യുഡിഎഫിൽ ഭിന്നത ……