കോഴിക്കോട്: ന്യൂനപക്ഷ സ്കോളർഷിപ്പിന് നേരത്തെയുണ്ടായിരുന്ന അനുപാതം മാറ്റി ജനസംഖ്യാടിസ്ഥാനത്തിലാക്കിയ സർക്കാർ നടപടിയെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സർക്കാർ തീരുമാനത്തെ ഭാഗികമായി ഞങ്ങൾ സ്വാഗതം ചെയ്യുന്നുവെന്ന് സതീശൻ പറഞ്ഞു. യുഡിഎഫ് മുന്നോട്ടുവെച്ച നിർദേശങ്ങളിൽ ഭൂരിപക്ഷവും അംഗീകരിക്കപ്പെട്ടു. യുഡിഎഫ് ഒറ്റക്കെട്ടയാണ് നിലപാടടെടുത്തതെന്നും അദ്ദേഹം വ്യക്മതാക്കി.
അതേ സമയം മുസ്ലിം ലീഗിന്റെ പരാതി സർക്കാർ കേൾക്കണമെന്ന് പറഞ്ഞ സതീശൻ ഇക്കാര്യം യുഡിഎഫ് ചർച്ച ചെയ്യുമെന്നും പറഞ്ഞു. വളരെ സങ്കീർണ്ണമായ വിഷയമാണിത്. ഇത് സംബന്ധിച്ച് താൻ ഇക്കാര്യം പഠിച്ചിട്ടുണ്ട്. പി.കെ.കുഞ്ഞാലിക്കുട്ടിയുമായി സംസാരിച്ച ശേഷമാണ് നിലപാട് പറഞ്ഞത് സതീശൻ പറഞ്ഞു.
എന്നാൽ സർക്കാർ നടപടിക്കെതിരെ സമരപ്രഖ്യാപനവുമായി ഇറങ്ങിയ മുസ്ലിംലീഗ് സതീശന്റെ പ്രസ്താവനയോടെ വെട്ടിലായി. ഒരു സമുദായത്തിനും നഷ്ടമുണ്ടായിട്ടില്ലെന്ന് സതീശൻ കഴിഞ്ഞ ദിവസം പറഞ്ഞതാണ് ലീഗിനെ ചൊടിപ്പിച്ചത്. ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്ന് ലീഗ് കോൺഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടു. യുഡിഎഫ് കൂട്ടായി ആലോചിച്ചെടുത്ത നിലപാടാണിതെന്ന് കൂടി സതീശൻ പറഞ്ഞതോടെ ലീഗ് കൂടുതൽ പ്രതിരോധത്തിലായി.
ഏതെങ്കിലും സമുദായത്തിന് നഷ്ടമുണ്ടായോ എന്ന് ഇന്ന് മാധ്യമങ്ങൾ ചോദിച്ചപ്പോൾ സതീശന്റെ മറുപടി ഇങ്ങനെയായിരുന്നു. എക്സ്ക്ലൂസീവായിട്ട് മുസ്ലിം സമുദായത്തിലെ പിന്നാക്കക്കാർക്ക് കിട്ടിയിരുന്ന ഒരു പദ്ധതിയുണ്ടായിരുന്നു അതില്ലാതായി. അതാണ് മുസ്ലിം ലീഗ് ഉയർത്തുന്ന പ്രധാന പ്രശ്നം. അവരുടെ പരാതി പരിഗണിക്കണമെന്നാണ് ഞാൻ പറഞ്ഞത്. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ കൂടിയാണ് ഇതിനകത്ത് തീരുമാനമെടുക്കുന്നത്. രണ്ട് സമുദായങ്ങൾ തമ്മിൽ ഒരു കാരണവശാലും സംഘർഷമുണ്ടാകാൻ പാടില്ല. അത്തരത്തിലുള്ള പൊതു നിലപാടാണ് എടുക്കുന്നത്.
സർക്കാർ നിലപാട് സ്വാഗതം ചെയ്യില്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. സച്ചാർ കമ്മിറ്റി റിപ്പോർട്ട് മുസ്ലിം വിഭാഗത്തിനാണ്. മറ്റ് വിഭാഗങ്ങൾക്ക് വേറെ സ്കീം വരണമെന്നും അദ്ദേഹം പ്രതികരിച്ചു. സതീശന്റെ നിലപാടല്ല ഇപ്പോഴത്തെ ഇവിടുത്തെ പ്രശ്നമെന്നായരുന്നു ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് കുഞ്ഞാലിക്കുട്ടിയുടെ മറുപടി.
ന്യൂനപക്ഷ സ്കോളർഷിപ് സംബന്ധിച്ച് കേരള സർക്കാർ തീരുമാനം തികച്ചും വഞ്ചനപരവും യോജിക്കാൻ കഴിയാത്തതുമാണെന്നാണ് മുസ്ലിം ലീഗ് നേതാവും എംപിമായ ഇ.ടി.മുഹമ്മദ് ബഷീർ പറഞ്ഞത്.
മുസ്ലിം ന്യൂനപക്ഷത്തിന്റെ പിന്നോക്ക അവസ്ഥയുടെ കാര്യ കാരണങ്ങൾ പരിശോധിക്കാൻ വേണ്ടി നിയോഗിച്ച സച്ചാർ കമ്മിറ്റി റിപ്പോർട്ടും അതിന്റെ അടിസ്ഥാനത്തിൽ വന്നിട്ടുള്ള പാലോളി കമ്മിറ്റി റിപ്പോർട്ടുമെല്ലാം കൃത്യമായി മുസ്ലിം വിദ്യാർത്ഥികൾക്ക് നൽകേണ്ട സ്കോളർഷിപ് പദ്ധതി എന്ന നിലയിൽ കൊണ്ടു വന്ന ആ പദ്ധതിയിൽ 80:20 അനുപാതം കൊണ്ട് വന്നത് തന്നെ തെറ്റായിരുന്നു. ആ തെറ്റ് വരുത്തിയത് സർക്കാരാണ്. സർക്കാർ തീരുമാനത്തിന്റെ ഫലമായി കോടതിയിൽ വന്ന സമയത്ത് കോടതി അത് ദുർബലപെടുത്തി. ഇപ്പോൾ ഗവണ്മെന്റ് കൊണ്ടുവന്നതിന്റെ അനന്തര ഫലം എന്ന് പറയുന്നത് സച്ചാർ കമ്മിറ്റി റിപ്പോർട്ട് പ്രകാരമുള്ള ഒരു സ്കോളർഷിപ്പ് നാട്ടിൽ ഇല്ല എന്നുള്ളതാണ്.
മുസ്ലിം ന്യൂനപക്ഷത്തിന്റെ വിദ്യാഭ്യാസ പിന്നോക്ക അവസ്ഥ പരിഹരിക്കാൻ വേണ്ടി കൊണ്ടുവന്ന ഒരു പദ്ധതി തന്നെ വേണ്ടന്ന് വെച്ച് 80:20 അനുപാതത്തെ വീണ്ടും വിഭജിച്ച് ഈ മുസ്ലിം ന്യൂനപക്ഷ വിഭാഗത്തെ അവതാളത്തിൽ ആക്കുന്ന നടപടിയാണ് ഗവണ്മെന്റ് എടുത്തിട്ടുള്ളത്. ഇതിൽ ഗവണ്മെന്റിന്റെ ദുഷ്ടാലക്കുണ്ട്.എല്ലാവർക്കും വിഭജിച്ചുകൊടുത്ത് ചിലരെ സന്തോഷിപ്പിക്കാനും ചിലരെ ദ്രോഹിക്കാനുമുള്ള സർക്കാരിന്റെ ഒരു കുബുദ്ധി കൂടി ഇക്കാര്യത്തിൽ ഉണ്ട്. ഞങ്ങൾക്ക് ഇതിനോട് യോജിക്കാൻ കഴിയില്ല. ഗവണ്മെന്റ് എടുത്ത തീരുമാനത്തിനോട് ഞങ്ങൾക്ക് ശക്തമായ പ്രതിഷേധം ഉണ്ട്. തുടർ നടപടികൾ ഞങ്ങൾ ഗൗരവമായി ആലോചിക്കുമെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.