തൃശ്ശൂർ: സുഹൃത്ത് പീഡനത്തിന് ഇരയായെന്ന ഒളിമ്പ്യൻ മയൂഖാ ജോണിയുടെ പരാതിയിൽ ശാസ്ത്രീയ തെളിവുകളില്ലെന്ന് പോലീസ്. 2016-ൽ നടന്ന സംഭവമായതിനാൽ ശാസ്ത്രീയ തെളിവുകളില്ല. സാഹചര്യത്തെളിവു വെച്ചാണ് കേസ് അന്വേഷിക്കുന്നതെന്ന് പോലീസ് പറയുന്നു. ഇതു സംബന്ധിച്ച റിപ്പോർട്ട് പോലീസ് ഹൈക്കോടതിയിൽ സമർപ്പിച്ചു.
അന്വേഷണം ശരിയായ ദിശയിൽ അല്ലെന്ന് കാണിച്ച് പീഡനത്തിന് ഇരയായ പെൺകുട്ടി തന്നെ ഹൈക്കോടതിയിൽ പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് അന്വേഷണ റിപ്പോർട്ട് എസ്.പി. പൂങ്കുഴലി ഹൈക്കോടതിയിൽ സമർപ്പിച്ചത്. കേസിൽ ശാസ്ത്രീയ തെളിവുകളില്ലെന്ന് പോലീസ് റിപ്പോർട്ടിൽ പറയുന്നു. സംഭവം നടന്നതായി പറയുന്നത് 2016-ൽ ആണ്. അഞ്ചുവർഷം മുൻപത്തെ ടവർ ലൊക്കേഷനോ ഫോണുമായി ബന്ധപ്പെട്ട സാങ്കേതിക വിവരങ്ങളോ ഇപ്പോൾ ലഭ്യമല്ല. ആ സാഹചര്യത്തിൽ പരാതി ശാസ്ത്രീയമായി തെളിയിക്കാനാവില്ലെന്ന് റിപ്പോർട്ടിൽ പോലീസ് ചൂണ്ടിക്കാണിക്കുന്നു.
പ്രതി ആശുപത്രിയിൽ എത്തിയതായി പറയുന്നുണ്ട്. ആ സമയത്ത് ആശുപത്രിയിൽനിന്ന് ഏകദേശം അഞ്ചു കിലോമീറ്റർ അകലെയായിരുന്നു പ്രതിയുടെ മൊബൈലിന്റെ ടവർ ലൊക്കേഷൻ എന്നാണ് ഇപ്പോൾ അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. പീഡനത്തിന് ഇരയായ പെൺകുട്ടിയെ പരിശോധിച്ച ഡോക്ടറുടെ മൊഴിയടക്കം പോലീസ് രേഖപ്പെടുത്തിയിരുന്നു. ഈ കാര്യങ്ങൾ അടക്കമുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയാണ് പോലീസ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.
2016-ലാണ് പരാതിക്ക് ആസ്പദമായ സംഭവം നടക്കുന്നത്. പ്രതി പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയും നഗ്നചിത്രങ്ങൾ എടുത്തുവെന്നുമാണ് പരാതി.പരാതിയിൽ അന്വേഷണം മുന്നോട്ടു പോകുന്നില്ലെന്നും ഒതുക്കിത്തീർക്കാൻ ശ്രമം നടക്കുന്നതായും മയൂഖാ ജോണി ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പീഡനത്തിന് ഇരയായ പെൺകുട്ടി, അന്വേഷണം ശരിയായ ദിശയിലല്ലെന്ന് കാണിച്ച് ഹൈക്കോടതിയിൽ പരാതി നൽകിയത്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കുന്നില്ലെന്നും സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമാണ് ഇപ്പോൾ അന്വേഷണം മുന്നോട്ടു കൊണ്ടുപോകുന്നതെന്നും പൂങ്കുഴലി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. അതിനാൽതന്നെ ഇതിൽ വിശദമായ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ പറയുന്നു.
content highlights:no scientific evidence: police on mayookha johnys friend rape complaint