തിരുവനന്തപുരം> സ്ത്രീകൾ ഉൾപ്പെടെ 22 അസം സ്വദേശികൾ അടങ്ങുന്ന പെൺവാണിഭസംഘത്തെ അസം പൊലീസ് പിടികൂടി. അസം സ്വദേശികളായ ഒമ്പത് സ്ത്രീകളും 13 പുരുഷൻമാരും ഒരു തിരുവനന്തപുരം സ്വദേശിയും ഉൾപ്പെട്ട സംഘമാണ് തമ്പാനൂരിലെയും മൊഡിക്കൽ കോളേജിലെയും രണ്ട് ഹോട്ടലിൽനിന്ന് പിടിയിലായത്. അസമിലെ നാഗോവ്, ഹോജൈ ജില്ലകളിൽനിന്ന് ജോലി തരപ്പെടുത്താമെന്നു പറഞ്ഞ് എത്തിച്ച പെൺകുട്ടികളെയാണ് പെൺവാണിഭത്തിന് ഉപയോഗിച്ചത്.
വിവിധ സമയങ്ങളിൽ തിരുവനന്തപുരത്ത് എത്തിച്ച പെൺകുട്ടികളെ മാറിമാറിയാണ് താമസിപ്പിച്ചത്. സംഭവമറിഞ്ഞ അസം സ്വദേശിയായ സുൽത്താൻ നാഗോവ് സിറ്റി കമീഷണറെ അറിയിക്കുകയായിരുന്നു. തുടർന്ന് ഹോജൈ പൊലീസ് ഇൻസ്പെക്ടർ ഹുസൈൻ, നാഗോവ് ഇൻസ്പെക്ടർ മൊസിബുൽ എന്നിവരുടെ നേതൃത്വത്തിൽ എട്ടംഗസംഘം സിറ്റി പൊലീസിന്റെ സഹായത്തോടെയാണ് ഇവരെ പിടികൂടിയത്.
ഏജന്റുമാരായ അബുൽ ഹുസൈൻ, മുബസിൻ അലി എന്നിവരെ അസം യുവാക്കളെ ഉപയോഗിച്ച് ബന്ധപ്പെട്ടാണ് താവളം കണ്ടെത്തിയത്.
തമ്പാനൂരിൽനിന്ന് 13 പേരും മെഡിക്കൽ കോളേജിൽനിന്ന് ഒമ്പതുപേരും പിടിയിലായി. അബുൽ ഹുസൈൻ, മുബസിൻ എന്നിവരും പെൺവാണിഭകേന്ദ്രത്തിന്റെ മുഖ്യ നടത്തിപ്പുകാരൻ വാസുദേവൻനായരും അറസ്റ്റിലായിട്ടുണ്ട്. പ്രതികളെ ശനിയാഴ്ച അസമിലേക്ക് കൊണ്ടുപോകും. ഇത്തരത്തിൽ നിരവധി അസം പെൺകുട്ടികൾ കേരളത്തിൽ വിവിധ ഭാഗങ്ങളിൽ ഉണ്ടെന്ന് പൊലീസ് അറിയിച്ചു.