തൃശൂർ
കുതിരാൻ തുരങ്കപാതയിൽ ഫയർ ആൻഡ് സേഫ്റ്റി വിഭാഗം നടത്തിയ സുരക്ഷാ പരിശോധന വിജയം. തുരങ്കം ആഗസ്തിൽ തുറന്നുകൊടുക്കുന്നതിന് മുന്നോടിയായാണ് ജില്ലാ ഫയർ ഓഫീസർ അരുൺ ഭാസ്കറിന്റെ നേതൃത്വത്തിൽ ട്രയൽറൺ നടത്തിയത്. തുരങ്കപാതയിലെ ഫയർ സിസ്റ്റം പ്രവർത്തിപ്പിച്ച് നോക്കിയത് തൃപ്തികരമെണെന്ന് ജില്ലാ ഫയർ ഓഫീസർ അറിയിച്ചു. അവസാനവട്ട പരിശോധന രണ്ടുദിവസത്തിനകം നടക്കും.
നിർമാണം വേഗത്തിൽ പൂർത്തിയാക്കി ആഗസ്ത് ഒന്നിന് കുതിരാനിലെ ഇരട്ട തുരങ്കപാതയിൽ ഒന്ന് തുറന്നുകൊടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടർന്ന് മന്ത്രി പി എം മുഹമ്മദ് റിയാസിന്റെയും ജില്ലയിലെ മന്ത്രിമാരായ കെ രാധാകൃഷ്ണൻ, ഡോ. ആർ ബിന്ദു, കെ രാജൻ, മറ്റു ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ തിരുവനന്തപുരത്തും തൃശൂരിലും യോഗങ്ങൾ ചേർന്ന് നടപടി വേഗത്തിലാക്കി. മൂന്നാഴ്ചയ്ക്കകം മന്ത്രി പി എം മുഹമ്മദ് റിയാസ് മൂന്നുതവണ കുതിരാനിൽ നേരിട്ടെത്തി നിർമാണ പുരോഗതി വിലയിരുത്തി.
ഓരോ 50 മീറ്റർ ഇടവിട്ട് തുരങ്കപാതയിൽ ഫയർ ഹൈഡ്രന്റ് പോയിന്റുകൾ സ്ഥാപിച്ചിട്ടുണ്ട്. ഒരു ഡീസൽ പമ്പും രണ്ട് ഇലക്ട്രിക്കൽ പമ്പുകളുമുണ്ട്. രണ്ടു ലക്ഷം ലിറ്ററിന്റെ വെള്ളടാങ്ക് തുരങ്കത്തിൽ സ്ഥാപിച്ചിട്ടുണ്ട്. അപകടമുണ്ടായാൽ അഗ്നി രക്ഷാസേന വരുന്നതിന് മുന്നേതന്നെ രക്ഷാപ്രവർത്തനങ്ങൾ നടത്താനാകും. തുരങ്കപാതയുടെ പലയിടത്തായി ഹോസ് റീലുകൾ സ്ഥാപിച്ചശേഷം, രണ്ട് ദിവസത്തിനകം ഫയർ ആൻഡ് സേഫ്റ്റി അന്തിമ പരിശോധന നടത്തി സർട്ടിഫിക്കറ്റ് നൽകും.