തിരുവനന്തപുരം > ന്യൂനപക്ഷ വിദ്യാര്ഥി സ്കോളര്ഷിപ്പ് അനുപാതം പുന:ക്രമീകരിക്കാനുള്ള സംസ്ഥാന സര്ക്കാര് തീരുമാനം ഉചിതമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്. സര്ക്കാര് തീരുമാനമെടുക്കുന്നതിന് മുന്പായി സര്വകക്ഷിയോഗം വിളിച്ച് എല്ലാവരുടെയും അഭിപ്രായങ്ങള് കേട്ടതാണ്. അതിന്റെ അടിസ്ഥാനത്തില് വന്ന പൊതുനിര്ദേശങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. എല്ലാ ഭാഗവും പരിഗണിച്ച് ശരിയായ ഉള്ളടക്കത്തോടെയാണ് സര്ക്കാരിന്റെ തീരുമാനമെന്നും വിജയരാഘവന് തിരുവനന്തപുരത്ത് മാധ്യമപ്രവര്ത്തകരോട് പറഞ്ഞു.
നിലവിലുള്ള സ്കോളര്ഷിപ്പുകള്ക്കൊന്നും കുറവുവരാതെ, കിട്ടിക്കൊണ്ടിരിക്കുന്ന ഒരു ആനുകൂല്യവും നഷ്ടപ്പെടാതെ നല്ല നിലയിലുള്ള തീരുമാനമാണ് സര്ക്കാര് എടുത്തിട്ടുള്ളത്. സ്ഥാപിത താല്പര്യമുള്ളവര് രാഷ്ട്രീയ ഉദ്ദേശത്തോടെ അഭിപ്രായം പറയുന്നുണ്ടാകും. എല്ലാവരുടെയും അഭിപ്രായം കേട്ടതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. സമൂഹത്തിന്റെ ഐക്യാന്തരീക്ഷം നിലനിര്ത്തി പോകണമെന്നാണ് സര്വകക്ഷിയോഗത്തില് എല്ലാവരും അഭിപ്രായപ്പെട്ടത്. അതിന്റെ സത്ത ഉള്ക്കൊണ്ടാണ് തീരുമാനം. ഇന്നത്തെ സാഹചര്യത്തില് എടുക്കാവുന്ന ശരിയായ, യുക്തിഭദ്രമായ തീരുമാനമാണ് സര്ക്കാര് കൈക്കൊണ്ടത്.
കോവിഡ് വ്യാപനം നിയന്ത്രണവിധേയമാണെങ്കിലും ഭീഷണി നിലനില്ക്കുന്നുണ്ട്. ജനങ്ങളുടെ ജീവനാണ് ഏറ്റവും വില. നിയന്ത്രണങ്ങളുടെ കാര്യത്തില് സര്ക്കാര് തീരുമാനമെടുക്കുമ്പോള് ഇതിന് മുന്തിയ പരിഗണന നല്കേണ്ടതുണ്ട്. വിവിധ വിഭാഗം ജനങ്ങള്ക്ക് വ്യത്യസ്തങ്ങളായ പ്രശ്നങ്ങളുണ്ട്. ജോലിക്ക് പോകാന് സാധിക്കാത്ത തൊഴിലാളികള് ഏറെയാണ്. അതിജീവനത്തിന് ഉതകുന്ന തീരുമാനമാണ് സംസ്ഥാന സര്ക്കാര് കൈക്കൊണ്ടതെന്നും വിജയരാഘവന് പറഞ്ഞു.