ലണ്ടൻ
ഇന്ത്യൻ ക്രിക്കറ്റ് ടീം താരം ഋഷഭ് പന്തിന് കോവിഡ് സ്ഥിരീകരിച്ചു. കുറച്ച് ദിവസമായി നിരീക്ഷണത്തിലായിരുന്നു. അടുത്തമാസം ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പര തുടങ്ങാനിരിക്കെയാണ് സംഭവം. ഈ മാസം ഇരുപതിന് നടക്കുന്ന സന്നാഹമത്സരത്തിൽ വിക്കറ്റ് കീപ്പർ കളിക്കാനിടയില്ല. ആഗസ്ത് നാലിനാണ് ഇംഗ്ലണ്ടുമായുള്ള ആദ്യ ടെസ്റ്റ്.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനുശേഷം വിശ്രമത്തിലായിരുന്നു ഇന്ത്യൻ കളിക്കാർ. പന്ത് ഇതിനിടെ ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിൽ യൂറോ കപ്പ് മത്സരങ്ങൾ കാണാൻ പോയിരുന്നു. ആൾക്കൂട്ടത്തിന് നടുവിലായിരുന്നു. വിംബിൾണും കണ്ടു. തിരിച്ചെത്തിയ ശേഷമാണ് കോവിഡ് സ്ഥിരീകരിച്ചത്.
സഹ പരിശീലകൻ ദയാനന്ദ് ഗരാനിക്കും പോസിറ്റീവായി.ഗരാനിയുമായി സമ്പർക്കം പുലർത്തിയ മറ്റൊരു വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹ, ബൗളർ അഭിമന്യു ഈശ്വരൻ, ബൗളിങ് പരിശീലകൻ ഭരത് അരുൺ എന്നിവരും നിരീക്ഷണത്തിലാണ്. ഇന്ത്യൻ ടീം പരിശീലകൻ രവി ശാസ്ത്രി, സ്പിന്നർ ആർ അശ്വിൻ എന്നിവരും വിംബിൾഡൺ കാണാൻ പോയിരുന്നു. പന്തിന് ഞായറാഴ്ച വീണ്ടും പരിശോധനയുണ്ട്.