ന്യൂഡൽഹി
സംസ്ഥാനത്തിന് ഗ്രാന്റായി ഉടൻ 3512 കോടി രൂപ കേന്ദ്രം അനുവദിക്കണമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനോട് ആവശ്യപ്പെട്ടു. കേന്ദ്ര ധനകമീഷന്റെ തെറ്റായ നിലപാട് കാരണം കേരളത്തിന് അർഹതപ്പെട്ട കേന്ദ്ര നികുതിവിഹിതത്തിൽ വലിയ ഇടിവ് വന്നത് കണക്കിലെടുത്ത് മേഖലാധിഷ്ഠിത ഗ്രാന്റായി 2412 കോടി രൂപയും സംസ്ഥാനാധിഷ്ഠിത ഗ്രാന്റായി 1100 കോടി രൂപയുമാണ് അനുവദിക്കേണ്ടത്.
കേരളത്തിന് അർഹമായ നികുതിവിഹിതം ലഭിക്കുംവിധം മാനദണ്ഡങ്ങളിൽ മാറ്റം വരുത്തണം. കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് എല്ലാ വായ്പയ്ക്കും ഡിസംബർവരെയെങ്കിലും മൊറട്ടോറിയം അനുവദിക്കുക, കോവിഡിൽ നിശ്ചലമായ കശുവണ്ടി, കയർ, കൈത്തറി, തോട്ടം തുടങ്ങിയ മേഖലകളിൽ കൂടുതൽ തൊഴിലുറപ്പാക്കുംവിധം പ്രത്യേക പാക്കേജ് എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.
പ്രതിസന്ധിയിലായ കുടുംബശ്രീ പ്രവർത്തകർക്കും മന്ത്രി സഹായം തേടി. പ്രതിസന്ധിയിലായ ചെറുകിട വ്യാപാരികളെക്കൂടി എംഎസ്എംഇകൾപോലെ ബാങ്കുകളുടെ മുൻഗണനാ വായ്പാ പട്ടികയിൽ ഉൾപ്പെടുത്തണമെന്നും ബാലഗോപാൽ ആവശ്യപ്പെട്ടു. മൊറട്ടോറിയത്തിന്റെ കാര്യത്തിൽ ആർബിഐയാണ് തീരുമാനമെടുക്കേണ്ടതെന്നും വിഷയം ഗൗരവത്തിൽ പരിഗണിക്കാമെന്നും നിർമല സീതാരാമൻ ഉറപ്പുനൽകി.
റബറൈസ്ഡ്
റോഡുകൾ
പ്രോത്സാഹിപ്പിക്കണം
റബറിന്റെ ആവശ്യകത വർധിപ്പിക്കാൻ കൂടുതൽ ഈടുനിൽക്കുന്ന റബറൈസ്ഡ് റോഡുകൾക്ക് പ്രോത്സാഹനം നൽകണമെന്ന് ബാലഗോപാൽ കേന്ദ്ര ധനമന്ത്രിയോട് ആവശ്യപ്പെട്ടു. ഇത് റബറിന്റെ ആവശ്യകത ഗണ്യമായി ഉയർത്തും.
വായ്പാ തിരിച്ചടവ്:
ഭീഷണിപ്പെടുത്തൽ വേണ്ട
കോവിഡ് പ്രതിസന്ധിയിൽ വായ്പാ തിരിച്ചടവിന് സാധാരണക്കാർക്ക് ബുദ്ധിമുട്ടുണ്ടെന്നും സ്വകാര്യ സ്ഥാപനങ്ങളിൽനിന്നും മറ്റും ഭീഷണി നേരിടുന്ന സാഹചര്യമുണ്ടെന്നും ബാലഗോപാൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇത് കണക്കിലെടുത്താണ് മൊറട്ടോറിയമെന്ന ആവശ്യം കേന്ദ്ര ധനമന്ത്രി മുമ്പാകെ വച്ചത്. ഭീഷണിപ്പെടുത്തുന്നതിനെതിരായി സർക്കാർ കർക്കശ നടപടി സ്വീകരിക്കും.