ജൂലൈ 18 മുതൽ ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിന് മുന്നോടിയായി മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡിനെ പ്രശംസിച്ച് സഞ്ജു സാംസണും ദേവ്ദത്ത് പടിക്കലും. ദ്രാവിഡിന്റെ “ശാന്തവും വിനീതവുമായ” സ്വഭാവത്തെ പ്രശംസിക്കുകയാണെന്നും ഇരുവരും പറഞ്ഞു.
വിരാട് കോഹ്ലിയും മറ്റ് പല പ്രധാന താരങ്ങളും ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയ്ക്കായി ഇംഗ്ലണ്ടിലാണ്. ചെറുപ്പക്കാർക്ക് പ്രാധാന്യമുള്ള ടീമാണ് ശ്രീലങ്കൻ പര്യടനത്തിനിറങ്ങുന്നത്. അഞ്ച് ടെസ്റ്റുകളാണ് ഇംഗ്ലണ്ട് പര്യടനത്തിലുള്ളത്. ലിമിറ്റഡ് ഓവർ മത്സരങ്ങൾ മാത്രമുള്ള ശ്രീലങ്കൻ പര്യടനത്തിൽ മൂന്ന് വീതം ഏകദിനങ്ങളും ടി20കളുമാണുള്ളത്.
സീനിയർ ബാറ്റ്സ്മാൻ ശിഖർ ധവാനാണ് ശ്രീലങ്കൻ പര്യടനത്തിൽ ഇന്ത്യയെ നയിക്കുന്നത്. സീമർ ഭുവനേശ്വർ കുമാറാണ് വൈസ് ക്യാപ്റ്റൻ.
Read More: ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര: റിഷഭ് പന്തിന് പിറകെ സപ്പോർട്ട് സ്റ്റാഫ് അംഗത്തിനും കോവിഡ്
164 ടെസ്റ്റുകളിലും 344 ഏകദിനങ്ങളിലും ഇന്ത്യക്ക് വേണ്ടി കളിച്ച ഇതിഹാസ താരമായ ദ്രാവിഡിൽ നിന്ന് പരിശീലനം നേടാനായത് യുവ താരങ്ങളെ സംബന്ധിച്ച് ഭാഗ്യമാണെന്ന് സ്റ്റാർ സ്പോർട്സിന്റെ ഫോളോ ദി ബ്ലൂസ് ഷോയിൽ സഞ്ജു സാംസൺ പറഞ്ഞു.
“ഇന്ത്യൻ ടീമിലേക്ക് വരുന്ന ജൂനിയർമാർക്ക് രാഹുൽ ദ്രാവിഡ് എന്ന വ്യക്തിയുടെ പരിശീലനത്തിലൂടെ കടന്നുപോകാനുള്ള ഭാഗ്യമുണ്ട്. അദ്ദേഹത്തിൽ നിന്ന് ഞങ്ങളുടെ ക്രിക്കറ്റ് പഠിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾ വളരെ ഭാഗ്യമുള്ളവരാണ്,” സഞ്ജു സാംസൺ പറഞ്ഞു.
“ഞാൻ രാജസ്ഥാൻ റോയൽസ് ട്രയൽസിലേക്ക് പോയത് ഓർക്കുന്നു. ഞാൻ നന്നായി ബാറ്റ് ചെയ്തു. അദ്ദേഹം എന്റെ അടുത്ത് വന്ന് എന്നോട് ഒരു ചോദ്യം ചോദിച്ചു‘ നിങ്ങൾക്ക് എന്റെ ടീമിനായി കളിക്കാമോ? ’ അതിനാൽ, അതായിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാന നിമിഷം, എനിക്ക് അത് ഒരിക്കലും മറക്കാനാവില്ല. അദ്ദേഹം എത്ര വലിയ മനുഷ്യനാണെന്ന് ഇത് കാണിക്കുന്നു, ഞാൻ അദ്ദേഹത്തോടൊപ്പമുള്ള സമയം ശരിക്കും ആസ്വദിക്കുന്നു,” സഞ്ജു പറഞ്ഞു.
Read More: ട്വന്റി 20 ടീമിലേക്കുള്ള ധവാന്റെ മടക്കം കടുപ്പമേറിയത്: അഗാർക്കർ
ഓപ്പണർ ദേവ്ദത്ത് പടിക്കലും ഷോയിൽ സഞ്ജുവിനൊപ്പമുണ്ടായിരുന്നു. അദ്ദേഹം എത്രമാത്രം അവിശ്വസനീയമാംവിധം ശാന്തനും സൗമ്യനുമാണെന്ന് ഞാൻ എപ്പോഴും ആശ്ചര്യപ്പെടുന്നുവെന്ന് പടിക്കൽ പറഞ്ഞു.
“ക്രിക്കറ്റിൽ വളരെയധികം നേട്ടങ്ങൾ കൈവരിച്ചിട്ടും എളിമയോടെയാണ് അദ്ദേഹം. എല്ലാവരോടും വിനയവും ദയയും കാണിക്കുന്നത് അവിശ്വസനീയമാണ്. അദ്ദേഹത്തെ ഞങ്ങളുടെ പരിശീലകനാക്കിയാൽ നിങ്ങൾക്ക് കൂടുതൽ ഒന്നും ചോദിക്കേണ്ടി വരില്ല, ”21 കാരനായ താരം പറഞ്ഞു.
48 കാരനായ ദ്രാവിഡിന്റേതിന് സമാനമായ ക്ഷമ വളർത്തിയെടുക്കാൻ ആഗ്രഹമുള്ളതതായി ഷോയിൽ പങ്കെടുത്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഓപ്പണറായ നിതീഷ് റാണ പറഞ്ഞു.
“പരിശീലകനെന്ന നിലയിലുള്ള രാഹുൽ ദ്രാവിഡ് കളിക്കാരനെന്ന നിലയിലുള്ള രാഹുൽ ദ്രാവിഡിന് സമാനമാണെന്ന് ഞാൻ കേട്ടിട്ടുണ്ട്. അദ്ദേഹത്തിന് ക്ഷമയുടെ ഒരു ശതമാനം എങ്കിലും എന്റെ ഉള്ളിൽ കൊണ്ടുവരാൻ ഞാൻ ആഗ്രഹിക്കുന്നു. അത് എന്നെ സംബന്ധിച്ചിടത്തോളം ഒരു വലിയ നേട്ടമായിരിക്കും, ”അദ്ദേഹം പറഞ്ഞു.
The post അദ്ദേഹത്തിൽ നിന്ന് പരിശീലനം നേടാൻ കഴിഞ്ഞത് ഭാഗ്യം: ദ്രാവിഡിനെക്കുറിച്ച് സഞ്ജു appeared first on Indian Express Malayalam.