കോഴിക്കോട്: ന്യൂനപക്ഷ വിദ്യാർഥി സ്കോളർഷിപ്പിനുള്ള അനുപാതം ജനസംഖ്യയുടെ അടിസ്ഥാനത്തിലാക്കിയ സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ ആഞ്ഞടിച്ച് മുസ്ലിം ലീഗ്. മുസ്ലിം സമുദായത്തിന് ലഭിച്ചിരുന്ന ആനുകൂല്യത്തെ കേരള ഗവൺമെന്റ് ഇല്ലാതാക്കിയെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ. ആരോപിച്ചു. മന്ത്രിസഭാ തീരുമാനത്തോടെ പിന്നാക്ക അവസ്ഥ പരിഗണിച്ച് മുസ്ലിം സമൂഹത്തിന് കൊടുക്കേണ്ട ആനുകൂല്യമാണ് ഇല്ലാതായതെന്നും അദ്ദേഹം പറഞ്ഞു.
മറ്റു സംസ്ഥാനങ്ങൾ കൊടുക്കുന്ന ആനുകൂല്യമാണ് കേരളം ഇല്ലാതാക്കിയത്. പിന്നാക്ക അവസ്ഥ എന്ന മാനദണ്ഡമേ ഇല്ലാതായി. ന്യൂനപക്ഷത്തിന് പ്രത്യേക സ്കീമായിരുന്നു ഉചിതം. സചാർ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കേണ്ടവർ സചാറിനെ തന്നെ ഇല്ലാതാക്കി. മറ്റ് സംസ്ഥാനങ്ങളിൽ നിലനിൽക്കുന്നആനുകൂല്യം കേരളം ഇല്ലാതാക്കിയതിന് കാരണക്കാർ ഇടത് മുന്നണിയാണ്.
സചാർ കമ്മിറ്റി ശുപാർശ ചെയ്തത് അനുസരിച്ചുള്ള സ്കീം നിലനിർത്തിയതിന് ശേഷം മറ്റുള്ളവർക്ക് പ്രത്യേക സ്കീം ആയിരുന്നു ഉചിതം. ഇക്കാര്യം സർവകക്ഷിയോഗത്തിൽ താൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതാണ്. സമുദായങ്ങളെ തമ്മിലടിപ്പിക്കുന്ന ഈ തീരുമാനം വളരെ ഗൗരവമുള്ളതാണ്. കേടതിവിധി അനുസരിച്ചു എന്നാണ് സർക്കാർ പറയുന്നത്. എന്നാൽ അപ്പീൽ പോകാതിരുന്ന നടപടി അംഗീകരിക്കാൻ കഴിയില്ല.
സുപ്രീം കോടതി വിധി ഉണ്ടാകുമ്പോൾ മാത്രമാണ് കോടതി നടപടി പൂർത്തിയായി എന്ന് പറയാൻ കഴിയുക. ശക്തമായ പ്രതിഷേധം ഉയർന്നുവരുമെന്നും നിയമസഭയിലും ഇക്കാര്യം ചർച്ചയാകുമെന്നും അദ്ദേഹം പറഞ്ഞു.
ഹൈക്കോടതി വിധി അനുസരിച്ച് 2011 ലെ സെൻസസ് പ്രകാരം ജനസംഖ്യാ അടിസ്ഥാനത്തിൽ ഒരു കമ്മ്യൂണിറ്റിക്കും ആനുകൂല്യം നഷ്ടപ്പെടാതെ സ്കോളർഷിപ്പ് അനുവദിക്കുമെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്.
Content highlights: P.K Kunhalikkutty on Minority scolarship issue