തിരുവനന്തപുരം > സര്ക്കാരിന്റെ മുന്ഗണനാ പദ്ധതികളുടെ അവലോകനം മുഖ്യമന്ത്രി പിണറായിവിജയന്റെ അദ്ധ്യക്ഷതയില് നടത്തി. കൊച്ചിമെട്രോയുടെ കാക്കനാട് എക്സ്റ്റെന്ഷനുള്ള ഭൂമി ഏറ്റെടുക്കല് ഓഗസ്റ്റ് 31നകം പൂര്ത്തിയാക്കും. മെട്രോ പദ്ധതിയുടെ റെയില്വെയുമായി ബന്ധപ്പെട്ട കാര്യങ്ങള് ചെന്നൈയിലെ റയില്വേ ചീഫ് ജനറല് മാനേജറുമായി ഉടന് ചര്ച്ച ചെയ്യും. കൊച്ചി വാട്ടര്മെട്രോയുടെ ട്രയല് റണ് ജൂലൈ 23ന് നടത്തും. ഓഗസ്റ്റ് 15 ഓടെ ഇതിന്റെ ഉദ്ഘാടനം നടത്താനാകും. ശബരിമല വിമാനത്താവളവുമായി ബന്ധപ്പെട്ട സ്കെച്ചും ലൊക്കേഷന് മാപ്പും കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കൈമാറി. തത്വത്തിലുള്ള അംഗീകാരം ഉടന് ലഭിക്കുമെന്നാണ് പ്രതീക്ഷ. കൊച്ചിന് അര്ബന് ഡെവലപ്പ്മെന്റ് ആന്റ് വാട്ടര് ട്രാന്സ്പോര്ട്ട് പദ്ധതിയുടെ ഭൂമി ഏറ്റെടുക്കലും പുനരധിവാസവും ത്വരിതപ്പെടുത്താന് മുഖ്യമന്ത്രി നിര്ദ്ദേശം നല്കി.
തിരുവനന്തപുരം ഔട്ടര് റിങ്റോഡിന്റെ വിശദ പദ്ധതി റിപ്പോര്ട്ട് ഓക്ടോബറോടെ കിറ്റ്കോ തയ്യാറാക്കും. തിരുവനന്തപുരം ലൈറ്റ് മെട്രോക്ക് ടെക്നോ പാര്ക്ക് കൂടി ചേര്ത്ത് വിശദ പദ്ധതി റിപ്പോര്ട്ട് ഉടന് തയ്യാറാക്കാന് മുഖ്യമന്ത്രി നിര്ദ്ദേശിച്ചു. കണ്ണൂര് സിറ്റി റോഡ് ഇംപ്രൂമെന്റ് പദ്ധതി ഉടന് ആരംഭിക്കും. ഭൂമി ഏറ്റെടുക്കലും പുനരധിവാസവും ഉള്പ്പെടെ നടത്തി ദേശീയ ജലപാതയുടെ പ്രവര്ത്തനം വേഗത്തിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. യോഗത്തില് ചീഫ് സെക്രട്ടറി ഡോ. വി.പി . ജോയ്, വകുപ്പു സെക്രട്ടറിമാര് തുടങ്ങിയവര് പങ്കെടുത്തു.