തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളത്തിൽ നിന്ന് മാറ്റിവെച്ച വിഹിതം തിരികെ നൽകിപുറപ്പെടുവിച്ച ഉത്തരവിൽ ഭേദഗതി വരുത്തും. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.
ദേശീയ പെൻഷൻ പദ്ധതിയുടെ പരിധിയിൽ വരുന്ന ജീവനക്കാരുടെയും അദ്ധ്യാപകരുടെയും മാറ്റിവെച്ച ശമ്പളംതിരികെ നൽകുമ്പോൾ ഇതിൽനിന്ന് ജീവനക്കാരന്റെ ദേശീയ പെൻഷൻ പദ്ധതി വിഹിതം കുറവു ചെയ്യേണ്ടതില്ല എന്ന് ഫെബ്രുവരി 26 ലെ സർക്കാർ വിജ്ഞാപനത്തിൽ നിഷ്കർഷിച്ചിരുന്നു. ഈ നിബന്ധന ഒഴിവാക്കി പുതിയ വിജ്ഞാപനം പുറപ്പെടുവിക്കും.
പോലീസ് മിനിസ്റ്റീരിയൽ വിഭാഗത്തിൽ 49 തസ്തികകൾ
കണ്ണൂർ സിറ്റി, കണ്ണൂർ റൂറൽ ജില്ലാ പോലീസ് ഓഫീസുകളുടെയും വനിതാ ബറ്റാലിയന്റെയും സുഗമമായ പ്രവർത്തനത്തിന് സംസ്ഥാന പോലീസിലെ മിനിസ്റ്റീരിയൽ വിഭാഗത്തിൽ 49 തസ്തികകൾ സൃഷ്ടിക്കും. ക്രൈംബ്രാഞ്ചിൽ നിലവിലുള്ള അഞ്ച് ജൂനിയർ സൂപ്രണ്ട് തസ്തികകൾ സീനിയർ സൂപ്രണ്ട് തസ്തികകളായി ഉയർത്തും.
നിയമസഭാ സമ്മേളനം ജൂലായ് 22 മുതൽ
15-ാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം ജൂലായ് 22 മുതൽ വിളിച്ചുചേർക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചു. 21 മുതൽ ചേരാനിരുന്ന സഭാ സമ്മേളനം ബക്രീദ് പ്രമാണിച്ച് മാറ്റുകയായിരുന്നു.
അതിദരിദ്രരെ കണ്ടെത്തുന്നതിനുള്ള മാർഗരേഖ അംഗീകരിച്ചു
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള അഗതിരഹിത കേരളം പദ്ധതിയിൽ നിന്നും ഒഴിവാക്കപ്പെട്ട അതി ദരിദ്രരെ കണ്ടെത്തുന്നതിന് തയ്യാറാക്കിയ മാർഗരേഖ അംഗീകരിച്ചു. നാലര മാസത്തിനുള്ളിൽ ഇതിന്റെ സർവ്വേ പൂർത്തീകരിക്കും. പ്രക്രിയ സമയബന്ധിതമായി പൂർത്തീകരിക്കാൻ ഗ്രാമവികസന കമ്മീഷണറേറ്റിലെ അഡീഷണൽ ഡവലപ്പ്മെന്റ് കമ്മീഷണർ സന്തോഷ് കുമാറിനെ സംസ്ഥാനതല നോഡൽ ഓഫീസറായി നിശ്ചയിച്ചു.
ആശ്രയ പദ്ധതിയുടെ പരിധിയിൽ വരേണ്ടതും വിട്ടുപോയതുമായ പരമദരിദ്രരെ കണ്ടെത്തി അവർക്ക് വരുമാനം ആർജിക്കാനുള്ള പദ്ധതികളും അത് പറ്റാത്തവർക്ക് ഇൻകം ട്രാൻസ്ഫർ പദ്ധതികളും മൈക്രോ പ്ലാനുകളിലൂടെ ആവിഷ്ക്കരിച്ചു നടപ്പാക്കുകയാണ് സർക്കാർ ലക്ഷ്യം.
Content Highlights:Differed salary payment Government employees teachers