കൊച്ചി > ഷെയര്ചാറ്റിലൂടെ നോവലെഴുതി മലയാളിയുവതി. മലപ്പുറം സ്വദേശി മുബാഷിറയാണ് ഷെയര്ചാറ്റില് നോവലെഴുതി ആരാധകരുടെ ഹൃദയത്തില് ഇടംനേടിയത്. മുബാഷിറയുടെ കഥ സൗദിയിലെ പ്രൊഡക്ഷന് ഹൗസ് വെബ്സീരീസാക്കാന് തയ്യാറെടുക്കുകയാണ്.
ഒരു സ്വപ്നമാണ് മുബാഷിറയുടെ എഴുത്തുജീവിതത്തിന് തുടക്കമിട്ടത്. ഒരു രാത്രിയില് കണ്ട സ്വപ്നം കഥയായി ഷെയര്ചാറ്റില് എഴുതി. നിരവധിപേര് വായിച്ച് അഭിപ്രായം പറഞ്ഞതോടെ കൂടുതല് എഴുതാന് പ്രേരണയായി. കഥകള് നോവലുകളിലേക്ക് ചുവടുമാറി. അങ്ങനെ ആദ്യനോവല് ‘നീയില്ലാ ജീവിതം’ ഷെയര്ചാറ്റിലൂടെ പുറത്തിറങ്ങി. ഷെയര്ചാറ്റില് എഴുത്ത് തുടങ്ങി മൂന്നുവര്ഷത്തിനുള്ളില് അഞ്ഞൂറിലധികം പോസ്റ്റുകളും നാല് നോവലുകളും എഴുതി. പതിനയ്യായിരത്തിലധികം ഫോളോവേഴ്സാണ് മുബാഷിറയ്ക്കുള്ളത്. വായനക്കാര് കൂടിയപ്പോള് സൗദിയില്നിന്നുള്ള നിര്മാണ കമ്പനി കഥ ചോദിച്ച് എത്തി.
ബിരുദപഠനം പൂര്ത്തിയാക്കിയ മുബാഷിറ ഈയിടെയാണ് വിവാഹിതയായത്. മലപ്പുറം രണ്ടത്താണി പള്ളിമാലില് മുഹമ്മദ് റഫീക്കാണ് ഭര്ത്താവ്. വിദേശത്ത് ജോലിയുള്ള ഭര്ത്താവ് എല്ലാ പിന്തുണയും നല്കുന്നു. എഴുത്ത് ഗൗരവമായി മുന്നോട്ട് കൊണ്ടുപോകാനാണ് മുബാഷിറയുടെ തീരുമാനം.