ചാരുംമൂട്> പരീക്ഷ മുഴുവനാക്കാനായില്ല, ഫലം വരുമ്പോൾ സുഹൃത്തുക്കൾക്കൊപ്പം സന്തോഷിക്കാനും അവനില്ല. എങ്കിലും പത്താം ക്ലാസ് ഫലം വരുമ്പോൾ കനലോർമയായ് ജ്വലിക്കുകയാണ് അഭിമന്യു.
ആർഎസ്എസ് കൊലക്കത്തിക്കിരയാകും മുമ്പ് എഴുതിയ നാല് പരീക്ഷകളിലും അഭിമന്യു ജയിച്ചു. ഇംഗ്ലീഷിന് എ ഗ്രേഡ്, ഇൻഫർമേഷൻ ടെക്നോളജിയിൽ എ പ്ലസ്, മലയാളം ഒന്നാം പേപ്പറിന് ബി, ഹിന്ദിക്ക് സി പ്ലസ് എന്നിങ്ങനെയാണ് ഫലം.
വള്ളികുന്നം അമൃത ഹൈസ്കൂളിൽ അഞ്ചാമത്തെ പരീക്ഷയെഴതാൻ തയ്യാറെടുക്കുന്നതിനിടെയാണ് ആർഎസ്എസുകാർ വള്ളികുന്നം പടയണിവെട്ടം ക്ഷേത്രമൈതാനത്ത് അഭിമന്യുവിനെ (15) അരുംകൊലചെയ്തത്. അഭിമന്യുവിനോടൊപ്പം ആക്രമണത്തിൽ പരിക്കേറ്റ സഹപാഠി കാശിനാഥും മികച്ച വിജയം നേടി. മുറിവ് തുന്നിക്കൂട്ടി ശരീരത്തിലാകെ വലിയ കെട്ടുകളുമായാണ് കാശിനാഥ് പരീക്ഷയ്ക്കെത്തിയത്. ആറ് വിഷയങ്ങളിൽ എ പ്ലസും രണ്ടെണ്ണത്തിൽ എ ഗ്രേഡും ഒരു ബി ഗ്രേഡും നേടി.
അഭിമന്യുവിന്റെ മൃതദേഹത്തിൽവീണ് പൊട്ടിക്കരഞ്ഞ് ഉള്ളം നുറുങ്ങുന്ന നോവുമായാണ് കാശിനാഥ് പരീക്ഷാഹാളിലെത്തിയത്.
അഭിമന്യുവില്ലാത്ത പരീക്ഷാഹാളിലെ ശൂന്യത നെഞ്ചെരിക്കുമ്പോഴും മികച്ച വിജയംനേടിയ കാശിനാഥിനെ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സി എസ് സുജാത, ചാരുംമൂട് ഏരിയ സെക്രട്ടറി ബി ബിനു, വള്ളികുന്നം കിഴക്ക് ലോക്കൽ സെക്രട്ടറി കെ രാജു എന്നിവർ അഭിനന്ദിച്ചു.