മലപ്പുറം: എസ്എസ്എൽസി ഫലത്തിലെ കൂടിയ വിജയശതമാനത്തിൽ പ്രതികരണവുമായി എത്തിയ മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബിന് മറുപടിയുമായി നിലമ്പൂർ എം.എൽ.എ പി.വി അൻവർ. ഇത്തവണ കൂടിയ വിജയശതമാനത്തിലും ട്രോളുകളൊന്നും പ്രത്യക്ഷപ്പെടാത്തത് ഫലം പ്രഖ്യാപിച്ചത് താനല്ലാത്തതുകൊണ്ടാണെന്നായിരുന്നു അബ്ദുറബ്ബിന്റെ പ്രതികരണം. വിജയശതമാനം കൂടിയത് മന്ത്രിയുടെ കഴിവുകേടല്ല, വിദ്യാർത്ഥികളുടെ മിടുക്കു കൊണ്ടാണെന്നും അബ്ദുറബ്ബ് ഫെയ്സ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ കുറിച്ചു.
ഇതിന് മറുപടിയായാണ് നിലമ്പൂർ എം.എൽ.എ പിവി അൻവർ ഫെയ്സ്ബുക്ക് പോസ്റ്റിട്ടത്.വിദ്യാർത്ഥികൾ വെറുതെ വിജയിച്ചതല്ലെന്നും പുസ്തകം പോലും കിട്ടാത്ത കാലത്ത് വിദ്യാർത്ഥികൾ കഷ്ടപ്പെട്ട് വിജയിച്ചതാണെന്നും അൻവർ ഫെയ്സ്ബുക്കിൽ കുറിച്ചു.ഗോപാലേട്ടന്റെ പശുവും ആമിനതാത്തത്തയുടെ കോഴിയും വരെ അബ്ദുറബ്ബിന്റെ കാലത്ത് ജയിച്ചിരുന്നുവെന്ന് ഇടതുപക്ഷ അനുകൂലികൾ പരിഹസിച്ചിരുന്നു.
പി.വി അൻവറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
ഗോപാലേട്ടന്റെ പശുവും ആമിനതാത്തത്തയുടെ കോഴിയും
വെറുതെ അങ്ങ് ജയിച്ചതല്ല.
പുസ്തകം പോലും സമയത്ത്
കിട്ടാത്ത കാലം.
പരീക്ഷയ്ക്കും മുൻപ് ക്രൂരനായ
ഓണം നേരത്തെ എത്തിയിരുന്ന
കാലം.
എന്നിട്ടും ഒരുപാട് കഷ്ടപ്പെട്ട് ജയിച്ചവരാണവർ.
അത് തന്നെയാണ് അവരുടെ
വിജയത്തിന്റെ സൗന്ദര്യവും.
*ജഗ.അപ്പുകുട്ടൻ റോക്സ് ??
പി.കെ. അബ്ദുറബ്ബ് വിദ്യാഭ്യാസ മന്ത്രിയായിരിക്കേ എസ്എസ്എൽസി വിജയശതമാനം കൂടിയതിൽ വ്യാപകമായ പരിഹാസമുയർന്നിരുന്നു. അന്ന് ഉയർന്ന ട്രോളുകൾ ഉപയോഗിച്ച് തിരിച്ചടിച്ചുകൊണ്ടായിരുന്നു അബ്ദുറബ്ബിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.
Content Highlight: Kerala SSLC Result 2021; Nilambur MAL PV Anwar facebook post