തിരുവനന്തപുരം
മഹാമാരിയിൽ പൊതുവിദ്യാഭ്യാസത്തിന്റെ ഡിജിറ്റൽ മികവിൽ എസ്എസ്എൽസി പരീക്ഷയിൽ റെക്കോഡ് വിജയം. സ്കൂൾ തുറക്കാനാകാത്ത അധ്യയന വർഷത്തിലും 99.47 ശതമാനം വിദ്യാർഥികൾ ഉപരിപഠനയോഗ്യത നേടിയതായി ഫലം പ്രഖ്യാപിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ 0.65 ശതമാനം വർധന. 1,21,318 പേർ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. റഗുലർ വിഭാഗത്തിൽ പരീക്ഷയ്ക്കിരുന്ന 4,21,877 പേരിൽ 4,19,651 പേർ ഉപരിപഠന യോഗ്യത നേടി.
നൂറുമേനി വിജയം 2214 സ്കൂളിന്. സർക്കാർ സ്കൂൾ–- 793, എയ്ഡഡ്–- 989, അൺഎയ്ഡഡ്–- 432. ടിഎച്ച്എസ്എൽസി പരീക്ഷയിൽ 99.72 ശതമാനമാണ് വിജയം. എസ്എസ്എൽസി (എച്ച്ഐ), ടിഎച്ച്എസ്എൽസി (എച്ച്ഐ), എഎച്ച്എസ്എൽസി വിഭാഗങ്ങളിൽ വിജയം നൂറുമേനിയാണ്. ഏറ്റവും ഉയർന്ന വിജയം കണ്ണൂർ ജില്ലയിലാണ്. -99.85 ശതമാനം. കുറവ് വയനാട്ടിൽ–- 98.13. വിദ്യാഭ്യാസ ജില്ലയിൽ പാലായാണ് മുന്നിൽ–- 99.97 ശതമാനം. എല്ലാ വിഷയത്തിനും എ പ്ലസ് നേടിയവർ മൂന്നിരട്ടിയോളം വർധിച്ചു. മുൻവർഷം 41,906 ആയിരുന്നു എ പ്ലസ് നേടിയവർ.
പൊതുവിദ്യാഭ്യാസ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷിന് കെെമാറി മന്ത്രി വി ശിവൻകുട്ടി ഫലം പ്രസിദ്ധീകരിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻബാബു പങ്കെടുത്തു. ഫലപ്രഖ്യാപനശേഷം പരീക്ഷാഭവനിലെത്തി മന്ത്രി ജീവനക്കാരെ അഭിനന്ദിച്ചു. സർക്കാർ ഒരുക്കിയ ഡിജിറ്റൽ ക്ലാസുകൾ വിദ്യാർഥികൾ പ്രയോജനപ്പെടുത്തിയതിന്റെ തെളിവായി പരീക്ഷാഫലം. കുട്ടികളുടെ ഭാവിക്കായി അതീവ ജാഗ്രതയോടെ പരീക്ഷ നടത്തിയ സർക്കാരിനും ഫുൾ എ പ്ലസ്.
സര്ക്കാര് സ്കൂളുകള്ക്ക് നേട്ടം
എസ്എസ്എൽസി പരീക്ഷയിൽ സർക്കാർ സ്കൂളുകൾക്ക് നേട്ടം. നൂറുമേനി നേടിയ സ്കൂളുകളുടെ എണ്ണം വർധിച്ചു. സംസ്ഥാനത്തെ 1173 സ്കൂളിൽ 793 സ്കൂൾ നൂറ് ശതമാനം ജയംനേടി. കഴിഞ്ഞ വർഷത്തേക്കാൾ 156 എണ്ണത്തിന്റെ വർധന. 2020ൽ 637ഉം 2019ൽ 599 ഉം ആയിരുന്നു. 1423 എയ്ഡഡ് സ്കൂളിൽ 989 എണ്ണം നൂറുശതമാനം നേടി. കഴിഞ്ഞ തവണ ഇത് 796 ആയിരുന്നു. അൺ എയ്ഡഡിൽ 432 സ്കൂൾ നൂറ് ശതമാനം നേടി.
ടിഎച്ച്എസ്എൽസി
99.72 ശതമാനം
ടിഎച്ച്എസ്എൽസി പരീക്ഷയിൽ 99.72 ശതമാനമാണ് വിജയം. പരീക്ഷ എഴുതിയ 2889 വിദ്യാർഥികളിൽ 704 പേർ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. ടിഎച്ച്എസ്എൽസി (എച്ച്ഐ) വിഭാഗത്തിൽ പരീക്ഷ എഴുതിയ 17 പേരും വിജയിച്ചു. എസ്എസ്എൽസി എച്ച്ഐ വിഭാഗത്തിൽ 256 പേർ എഴുതി. എല്ലാവരും വിജയിച്ചു. എഎച്ച്എസ്എൽസിയിൽ തൃശൂർ കേരള കലാമണ്ഡലം ആർട്സ് ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷ എഴുതിയ 68 പേരും വിജയിച്ചു.
പൂനർമൂല്യനിർണയം:
17 മുതൽ
അപേക്ഷിക്കാം
എസ്എസ്എൽസി ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയത്തിന് 17 മുതൽ 23 വരെ അപേക്ഷിക്കാം. സൂക്ഷ്മ പരിശോധനയ്ക്കും ഉത്തരക്കടലാസിന്റെ പകർപ്പ് ലഭിക്കാനും ഈ തീയതിവരെ അപേക്ഷിക്കാം. ഓൺലൈനായാണ് എല്ലാ അപേക്ഷയും സ്വീകരിക്കുക. സേ പരീക്ഷയുടെ തീയതി പിന്നീട് പ്രഖ്യാപിക്കും.
ഗൾഫിൽ 97.03 ശതമാനം
ഗൾഫിൽ ഒമ്പത് കേന്ദ്രത്തിലായി പരീക്ഷ എഴുതിയ 573 പേരിൽ 556 പേർ ഉപരിപഠനത്തിന് അർഹരായി. വിജയം 97.03 ശതമാനം. മൂന്ന് കേന്ദ്രം 100 ശതമാനം വിജയംനേടി. ലക്ഷദ്വീപിൽ 627 പേർ പരീക്ഷ എഴുതിയതിൽ 607 പേർ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യരായി. വിജയം 96.81 ശതമാനം.
കേരളത്തിൽ പുതിയ സ്കീം അനുസരിച്ച് പ്രൈവറ്റ് പരീക്ഷ എഴുതിയ 645 വിദ്യാർഥികളിൽ 537 പേർ വിജയികളായി. 83.26 ആണ് വിജയശതമാനം. പഴയ സ്കീം അനുസരിച്ച് എഴുതിയ 346 പേരിൽ 270 പേർ ഉപരിപഠനത്തിന് അർഹരായി. വിജയം 78.03 ശതമാനം.
എ പ്ലസിൽ മുന്നിൽ മലപ്പുറം
എല്ലാ വിഷയത്തിനും എ പ്ലസ് നേടിയത് കഴിഞ്ഞ തവണത്തേക്കാൾ മൂന്നിരട്ടിയോളം വിദ്യാർഥികൾ–- 1,21,318 പേർ. കഴിഞ്ഞ തവണ 41,906 ആയിരുന്നു. 79,412ന്റെ വർധന. മലപ്പുറത്താണ് ഏറ്റവും കൂടുതൽ–- 18,970 വിദ്യാർഥികൾ.
സേ പരീക്ഷ പിന്നീട് , സർട്ടിഫിക്കറ്റ് ആഗസ്തിൽ
എസ്എസ്എൽസി സർട്ടിഫിക്കറ്റുകളുടെ വിതരണം ആഗസ്ത് നാലാംവാരം ആരംഭിക്കും. സേ പരീക്ഷ തീയതി പിന്നീട് തീരുമാനിക്കും. മൂന്ന് വിഷയത്തിനുവരെ സേ എഴുതാം.
എല്ലാ വിദ്യാർഥികൾക്കും ഉപരിപഠനം: മന്ത്രി
വെല്ലുവിളിയെല്ലാം അതിജീവിച്ച് പരീക്ഷാ നടത്തിപ്പ് വിജയകരമാക്കിയ എല്ലാവർക്കും മന്ത്രി വി ശിവൻകുട്ടി നന്ദി അറിയിച്ചു. എല്ലാ വിദ്യാർഥികൾക്കും തുടർപഠന സൗകര്യം ഒരുക്കും. ഒരാൾക്കുപോലും ഉപരിപഠനം നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.