തിരുവനന്തപുരം
കക്ഷി രാഷ്ട്രീയ ഭേദമെന്യേ എല്ലാവരും കൈകോർക്കേണ്ട വിപത്താണ് സ്ത്രീധനമെന്നും സർക്കാർ ശക്തമായ നിലപാടാണ് ഈ വിഷയത്തിൽ കൈക്കൊള്ളുന്നതെന്നും ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ വ്യക്തമാക്കി. മുഖ്യമന്ത്രി ഇക്കാര്യത്തിൽ പിന്തുണ അറിയിച്ചിട്ടുണ്ട്. പൊലീസും തൃപ്തികരമായ നടപടിയാണെടുക്കുന്നത്. സ്ത്രീധനത്തിനെതിരെ ഗാന്ധി സ്മാരകനിധിയും ഗാന്ധിയൻ സംഘടനകളും സംഘടിപ്പിച്ച ഉപവാസയജ്ഞത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. താൻ ഉപവസിച്ചത് സ്ത്രീധന സമ്പ്രദായത്തിനെതിരായാണ്. ഇതിനു പിന്നിൽ രാഷ്ട്രീയം കാണരുത്. സ്ത്രീധനം വാങ്ങിയുള്ള വിവാഹച്ചടങ്ങിൽ ജനപ്രതിനിധികൾ പങ്കെടുക്കരുതെന്നും ഗവർണർ പറഞ്ഞു.
സത്യവാങ്മൂലം ആവശ്യപ്പെടും
സ്ത്രീധനം വാങ്ങില്ലെന്നും വാങ്ങിയാൽ ബിരുദം റദ്ദാക്കാൻ സർവകലാശാലയ്ക്ക് അവകാശമുണ്ടെന്നുമുള്ള സത്യവാങ്മൂലം കോളേജ് വിദ്യാർഥികളിൽനിന്ന് വാങ്ങാൻ സർവകലാശാലകളോട് ആവശ്യപ്പെടുമെന്ന് ഗവർണർ പറഞ്ഞു. ഗാന്ധിഭവനിൽ നടന്ന ഉപവാസത്തിൽ പി ഗോപിനാഥൻനായർ, അഡ്വ. അയ്യപ്പൻപിള്ള, എൻ രാധാകൃഷ്ണൻ, സൂര്യ കൃഷ്ണമൂർത്തി എന്നിവരും പങ്കെടുത്തു.