തിരുവനന്തപുരം
തീരദേശ പരിപാലന പദ്ധതിയുടെ ആദ്യകരട് പരിശോധിച്ച് അപാകം പരിഹരിക്കുന്നതിന് മൂന്നംഗ സമിതിയെ സംസ്ഥാന സർക്കാർ നിയോഗിച്ചു. പരിസ്ഥിതിവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി വേണു, എൻവയോൺമെന്റൽ എൻജിനിയേഴ്സ് ആൻഡ് കൺസൾട്ടന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ പി ഇസഡ് തോമസ്, പരിസ്ഥിതി നിയമങ്ങളിൽ പ്രാവീണ്യമുള്ള മുതിർന്ന അഭിഭാഷകൻ പി ബി സഹസ്രനാമൻ എന്നിവരാണ് അംഗങ്ങൾ. അഞ്ച് പരിഗണനാ വിഷയവും നിശ്ചയിച്ചു. പൊതുജനാഭിപ്രായവും തേടും. സമിതിയുടെ റിപ്പോർട്ടിൽ സംസ്ഥാന സർക്കാരിന്റെ നിർദേശങ്ങളും ഉൾപ്പെടുത്തി പദ്ധതി പരിസ്ഥിതിമന്ത്രാലയത്തിന് സമർപ്പിക്കും. മന്ത്രാലയത്തിന്റെ അംഗീകാരമായാൽ 2019ലെ തീരദേശ പരിപാലന നിയമ ഭേദഗതി വിജ്ഞാപനത്തിന്റെ ഇളവുകൾ സംസ്ഥാനത്തിന് ലഭിക്കും.
കേരളത്തെ സംയോജിത തീരദേശ പരിപാലന പദ്ധതിയുടെ രണ്ടാംഘട്ടത്തിലാണ് കേന്ദ്രം ഉൾപ്പെടുത്തിയിട്ടുള്ളത്. തീരദേശത്തിന്റെയും സമുദ്ര പാരിസ്ഥിതിക പ്രവർത്തനങ്ങളുടെയും സംരക്ഷണം, തീരദേശ മലിനീകരണ നിയന്ത്രണം, അനുബന്ധ അടിസ്ഥാന സൗകര്യവികസനം, തീരദേശ സമൂഹങ്ങളുടെ ഉപജീവന സംരക്ഷണം, സുസ്ഥിരമായ വികസനം, സംയോജിത തീരദേശ പരിപാലന പദ്ധതി വികസനവും നടപ്പാക്കലും എന്നിവയാണ് പദ്ധതിലക്ഷ്യങ്ങൾ.