കൊച്ചി
മുൻസിഫ് കോടതിയിൽ നൽകിയ കേസ് തീരുംവരെ കന്യാസ്ത്രീ മഠത്തിൽ താമസിക്കാൻ അനുവദിക്കണമെന്ന സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിന്റെ ആവശ്യം ഹൈക്കോടതി നിരസിച്ചു. സിസ്റ്റർ ലൂസിയെ സഭയിൽനിന്ന് പുറത്താക്കിയ നടപടിക്കെതിരെ സമർപ്പിച്ച റിവ്യൂ ഹർജി വത്തിക്കാൻ നിരസിച്ച സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് രാജാ വിജയരാഘവൻ ഇക്കാര്യം വ്യക്തമാക്കിയത്. അഭിഭാഷകനെ ഒഴിവാക്കി സിസ്റ്റർ വീഡിയോ കോൺഫറൻസിലൂടെ നേരിട്ട് ഹാജരായി, മഠത്തിൽ കഴിയാൻ അനുവദിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
സിസ്റ്റർ എവിടെ താമസിച്ചാലും പൊലീസ് സംരക്ഷണം നൽകാൻ തയ്യാറാണെന്ന് സർക്കാർ കോടതിയിൽ ആവർത്തിച്ചു. വയനാട് ജില്ലയിലെ വെള്ളമുണ്ട പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള മഠത്തിൽ അന്തേവാസിയായ സിസ്റ്ററിന് പൊലീസ് സംരക്ഷണം നൽകുന്നുണ്ടെന്നും സർക്കാർ അഭിഭാഷകൻ വിശദീകരിച്ചു. മഠത്തിൽനിന്ന് പുറത്താക്കിയാൽ തന്നെപ്പോലെ മറ്റുപല കന്യാസ്ത്രികളും തെരുവിൽ എറിയപ്പെടുമെന്നും പോകാൻ മറ്റ് സ്ഥലമില്ലെന്നും അവർ ബോധിപ്പിച്ചു. രണ്ടരവർഷമായി സന്യാസ സഭയിൽനിന്ന് പുറത്താക്കാൻ ശ്രമം നടക്കുന്നു. സിവിൽ കോടതിയിൽനിന്ന് അനുകൂല ഉത്തരവുണ്ട്. സന്യാസം പൂർത്തിയാക്കണം. മഠമല്ലാതെ തനിക്ക് മറ്റ് താമസമാർഗങ്ങൾ ഇല്ലെന്നും സിസ്റ്റർ വിശദീകരിച്ചു.
മഠത്തിൽനിന്ന് മാറണമെന്നും അവിടെ പൊലീസ് സംരക്ഷണം നൽകാനാകില്ലെന്നും മഠത്തിനുപുറത്ത് ജീവനും സ്വത്തിനും സംരക്ഷണം നൽകാമെന്നും കോടതി പറഞ്ഞു. പൊലീസ് സംരക്ഷണം പിൻവലിച്ചാലും കുഴപ്പമില്ല, മഠത്തിൽനിന്ന് പുറത്തുപോകാൻ പറയരുതെന്ന് സിസ്റ്റർ ലൂസി ആവശ്യപ്പെട്ടു. മാറുന്നതാണ് സംരക്ഷണത്തിന് നല്ലതെന്നും അവിടെ താമസിച്ചാൽ ലൂസിക്കുതന്നെയാണ് ബുദ്ധിമുട്ടെന്നും കോടതി പറഞ്ഞു. തിങ്കളാഴ്ച മഠം വിട്ട ഹർജിക്കാരി എവിടെ താമസിച്ചുവെന്ന് വ്യക്തമല്ലെന്നും അക്കാര്യം വിശദീകരിക്കണമെന്നും എതിർഭാഗം ആവശ്യപ്പെട്ടു. കേസ് ആവശ്യത്തിനുവേണ്ടിയാണ് മഠത്തിൽനിന്ന് മാറിയതെന്നും. 12 മണിക്കൂർ ബസ് യാത്ര ചെയ്താണ് ഹൈക്കോടതിയിൽ എത്തിയതെന്നും സിസ്റ്റർ ലൂസി ബോധിപ്പിച്ചു. പുതുതായി താമസിക്കാൻപോകുന്ന സ്ഥലം വ്യക്തമാക്കിയാൽ സംരക്ഷണം നൽകാമെന്ന് കോടതി വ്യക്തമാക്കി. കേസ് വിധി പറയാൻ മാറ്റി.