തിരുവനന്തപുരം
റവന്യൂവകുപ്പിലെ എല്ലാ ഒഴിവും ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് ചെയ്യാൻ റവന്യൂ സെക്രട്ടറിയറ്റ് യോഗം തീരുമാനിച്ചു. റവന്യൂ, സർവേ വകുപ്പിൽ സ്ഥാനക്കയറ്റത്തിന് സാധ്യതയുള്ള ഒഴിവ് ഉൾപ്പെടെ കണക്കാക്കും. കോൾ സെന്റർ ആരംഭിക്കുമെന്നും വാർത്താസമ്മേളനത്തിൽ മന്ത്രി കെ രാജൻ അറിയിച്ചു. നൂറുദിന കർമപരിപാടിയിൽ 12,000ൽ അധികം പട്ടയം വിതരണം ചെയ്യും. ദേശീയപാത 66നായി ഇടപ്പള്ളി-–-കുറ്റിപ്പുറം പാതയിലെ സ്ഥലം ഏറ്റെടുക്കൽ 60 ദിവസത്തിനുള്ളിൽ പൂർത്തിയാക്കും. ഇതുമായി ബന്ധപ്പെട്ട കേസുകൾക്ക് ഇരിങ്ങാലക്കുട, കുന്നംകുളം ലാൻഡ് ട്രിബ്യൂണൽ മുൻഗണന നൽകണമെന്ന് ഉത്തരവിറക്കും.
മുന്നൂറ്റെഴുപത്തഞ്ച് സ്മാർട്ട് വില്ലേജ് നിർമാണം ആഗസ്തോടെ ആരംഭിക്കും. 25 വില്ലേജ് ഉടൻ പൂർത്തിയാക്കും. കാലവർഷത്തിൽ കൂടുതൽ നാശനഷ്ടമുണ്ടായ പ്രദേശങ്ങളിൽ പ്രത്യേക സംഘത്തെ നിയോഗിച്ച് വേഗത്തിൽ നഷ്ടം കണക്കാക്കി നൽകും. റീസർവേ നടപടി കൂടുതൽ ശക്തിപ്പെടുത്തും. 908 വില്ലേജിൽ മാനുവൽ റീസർവേ പൂർത്തിയാക്കി. ടോട്ടൽ സ്റ്റേഷൻ ഉപയോഗിച്ചുള്ള റീസർവേ 100 വില്ലേജിൽ ഉടൻ പൂർത്തിയാക്കും. ഭൂമി തരംമാറ്റൽ വ്യക്തത വരുത്തിയ ഉത്തരവ് ഉടൻ പുറത്തിറങ്ങും. ഫയൽ നിയമവകുപ്പിന് കൈമാറിയതായും മന്ത്രി പറഞ്ഞു.