തിരുവനന്തപുരം: എസ്എസ്എൽസി ഫലത്തിലെകൂടിയ വിജയശതമാനത്തിൽ പ്രതികരണവുമായി മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ്. യുഡിഎഫിന്റെ കാലത്ത് വിജയശതമാനം ഉയരുമ്പോൾ വിദ്യാർത്ഥികളുടെ കഴിവിനെ വിലകുറച്ചു കാണിക്കുക, മന്ത്രിയെ ട്രോളുക, കുറ്റപ്പെടുത്തുക തുടങ്ങിയവയായിരുന്നു സൈബർ പോരാളികളുടെ സ്ഥിരം പണി. ഇത്തവണ കൂടിയ വിജയശതമാനത്തിലും ട്രോളുകളൊന്നും പ്രത്യക്ഷപ്പെടാത്തത് ഫലം പ്രഖ്യാപിച്ചത് താനല്ലാത്തതുകൊണ്ടാണെന്ന് അബ്ദുറബ്ബ് ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. വിജയശതമാനം കൂടിയത് മന്ത്രിയുടെ കഴിവുകേടല്ല, വിദ്യാർത്ഥികളുടെ മിടുക്കു കൊണ്ടാണെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.
പി.കെ. അബ്ദുറബ്ബ് വിദ്യാഭ്യാസ മന്ത്രിയായിരിക്കേഎസ്എസ്എൽസി വിജയശതമാനം കൂടിയതിൽ വ്യാപകമായ പരിഹാസമുയർന്നിരുന്നു. അന്ന് ഉയർന്ന ട്രോളുകൾ ഉപയോഗിച്ച് തിരിച്ചടിച്ചുകൊണ്ടാണ് ഇന്ന് അബ്ദുറബ്ബിന്റെ പ്രതികരണം.
പി.കെ. അബ്ദുറബ്ബിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
SSLC വിജയശതമാനം 99.47
ഗോപാലേട്ടന്റെ പശുവില്ല,
ആമിനത്താത്തയുടെ പൂവൻ കോഴിയില്ല,
സ്കൂളിന്റെ ഓട് മാറ്റാൻവന്ന ബംഗാളിയുമില്ല.
റിസൾട്ട് പ്രഖ്യാപിച്ചത് ഞാനല്ലാത്തത് കൊണ്ട്
ഇജ്ജാതി ട്രോളുകളൊന്നുമില്ല.
2011 ൽ എം.എ.ബേബി വിദ്യാഭ്യാസ മന്ത്രിയായ സമയത്ത് 91.37 ആയിരുന്നു വിജയശതമാനം. പിന്നീട് ഞാൻ മന്ത്രിയായിരുന്ന കാലത്തും SSLC വിജയശതമാനം കൂടിക്കൂടി വന്നു.
2012 ൽ 93.64%
2013 ൽ 94.17%
2014 ൽ 95.47 %
2015 ൽ 97.99%
2016 ൽ 96.59%
UDF ന്റെ കാലത്താണെങ്കിൽ വിജയശതമാനം ഉയരുമ്പോൾ വിദ്യാർത്ഥികളുടെ കഴിവിനെ വില കുറച്ചു കാണിക്കുക, മന്ത്രിയെ ട്രോളുക, കുറ്റപ്പെടുത്തുക.. ഇതൊക്കെയാണ് ഇടത് സൈബർ പോരാളികളുടെ സ്ഥിരം പണി.
2016 മുതൽ പ്രൊഫസർ രവീന്ദ്രനാഥ് മന്ത്രിയായ ശേഷമുള്ള വിജയശതമാനവും ഉയരത്തിൽ തന്നെയായിരുന്നു.
2017 ൽ 95.98%
2018 ൽ 97.84%
2019 ൽ 98.11%
2020 ൽ 98.82%
ഇപ്പോഴിതാ 2021 ൽ 99.47% പേരും SSLCക്ക് ഉപരിപഠന യോഗ്യത നേടിയിരിക്കുന്നു.
വിജയശതമാനം കൂടിയത് മന്ത്രിയുടെ കഴിവു കേടല്ല, വിദ്യാർത്ഥികളെ, നിങ്ങളുടെ മിടുക്കു കൊണ്ടാണ്. നിങ്ങളുടെ വിജയത്തെ വില കുറച്ചു കാണുന്നില്ല.
ഉപരിപഠന യോഗ്യത നേടിയ എല്ലാ വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ.
Content Highlights:Former Educational Minister of Kerala, PK Abdu Rabb on SSLC Pass percentage














