കോഴിക്കോട്: കടകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വ്യാപാരികളുമായി കോഴിക്കോട് ജില്ലാ കളക്ടർ നടത്തിയ ചർച്ച പരാജയം. ഇതോടെ വ്യാഴാഴ്ച കടകൾ തുറക്കുമെന്ന തീരുമാനത്തിൽ മാറ്റമില്ലെന്നും മറിച്ചെന്തെങ്കിലും തീരുമാനം വരാൻ കാത്തിരിക്കുകയാണെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. സംസ്ഥാന അടിസ്ഥാനത്തിലാണ് നാളെ കടകൾ തുറക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇതിൽ കോഴിക്കോട് മാത്രം തീരുമാനമെടുത്തിട്ട് കാര്യമില്ലെന്നും ചർച്ചയിലെ നിർദേശം അംഗീകരിക്കാൻ കഴിയില്ലെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ ചർച്ചയ്ക്ക് ശേഷം പറഞ്ഞു.
പെരുന്നാൾ ദിനം വരെ 24 മണിക്കൂറും കടകൾ തുറന്ന് പ്രവർത്തിപ്പിക്കാൻ അനുവദിക്കണമെന്നും ബാക്കി കാര്യം ചർച്ചയിലൂടെ തീരുമാനിക്കാമെന്നുമായിരുന്നു വ്യാപാരികൾ സർക്കാരിനെ അറിയിച്ചത്. എന്നാൽ ഇത് അംഗീകരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറായില്ലെന്ന് വ്യാപാരി വ്യവാസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി സേതുമാധവൻ പറഞ്ഞു. അശാസ്ത്രീയമായ ടി.പി.ആർ കണക്കാക്കൽ അംഗീകരിക്കാൻ കഴിയില്ലെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായ സമിതി പ്രസിഡന്റ് വി.കെ.സി മമ്മദ് കോയയും പറഞ്ഞു. പല മേഖലകളിലും സഹായം ലഭിക്കുന്നുണ്ടെങ്കിലും വ്യാപാരികൾക്ക് ഒന്നും കിട്ടിയിട്ടില്ല. അവർക്ക് വേണ്ട അടിയന്തര സഹായമുണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോഴിക്കോട് കളക്ടറേറ്റിൽ നടന്ന യോഗത്തിൽ മന്ത്രി എ.കെ ശശീന്ദ്രനും പങ്കെടുക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചതെങ്കിലും മന്ത്രി ചർച്ചയിൽ പങ്കെടുത്തില്ല. പകരം സർക്കാരിന്റെ ഭാഗത്ത് നിന്ന് കോഴിക്കോട് ജില്ലാ കളക്ടർ ഡോ.നരസിംഹ ഗാരി തേജ് ലോഹിത് റെഡ്ഡിയാണ് പങ്കെടുത്തത്. എല്ലാ കടകളും തുറന്ന് പ്രവർത്തിക്കുക എന്ന ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്നായിരുന്നു ഇന്നലെ മുഖ്യമന്ത്രി പറഞ്ഞത്.സർക്കാർ തീരുമാനം അനുസരിച്ചില്ലെങ്കിൽ സമരത്തെ നേരിടുമെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. പക്ഷെ കടകൾ തുറക്കുകയെന്ന തീരുമാനവുമായി മുന്നോട്ട് പോവാൻ തന്നെ വ്യാപാരികൾ തീരുമാനിച്ചതോടെയാണ് അടിയന്തര ചർച്ച നടന്നത്.