തലശേരി > തമിഴ്നാട് സ്വദേശിയായ യുവതിയെ പഴനിയിൽ പീഡിപ്പിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന പൊലീസ് സംഘം തലശേരിയിൽ. പഴനി ഡിഎസ്പി ചന്ദ്രൻ, സിഐ കവിത, സ്പെഷ്യൽ പൊലീസ് എസ്ഐ വിശ്വനാഥൻ എന്നിവരുൾപ്പെട്ട പ്രത്യേക സംഘമാണ് എത്തിയത്. യുവതിയുടെയും ഭർത്താവിന്റെയും മൊഴിയെടുത്തു. യുവതി താമസിക്കുന്ന കുയ്യാലിയിലെ വാടകക്വാർട്ടേഴ്സിലെത്തിയാണ് മൊഴിരേഖപ്പെടുത്തിയത്. തലശേരി എസിപി മൂസവള്ളിക്കാടനുമായും ചർച്ച നടത്തി. യുവതിയുടെയും ഒപ്പം താമസിക്കുന്ന രണ്ടാംഭർത്താവിന്റെയും മൊഴിയിൽ പൊരുത്തക്കേടുള്ളതായി സൂചനയുണ്ട്.
പഴനി പീഡനത്തെക്കുറിച്ചുള്ള ദുരൂഹത ഇതോടെ വർധിക്കുകയാണ്. ആദ്യ ഭർത്താവ് മരിച്ച ശേഷം ഒപ്പം താമസിക്കുന്ന ആൾക്കൊപ്പമാണ് യുവതി പഴനിയിലെത്തിയത്. ജൂൺ 19ന് സംഭവം നടന്ന ശേഷം പരാതി നൽകാൻ വൈകിയതും മൊഴിയിലെ വൈരുധ്യവും പൊലീസിനെയും കുഴക്കുന്നുണ്ട്. പ്രാഥമിക അന്വേഷണം പൂർത്തിയാക്കി കേസിന്റെ മുഴുവൻ രേഖകളും മജിസ്ട്രേട്ട് മുമ്പാകെ നൽകിയ മൊഴിയും തമിഴ്നാട് പൊലീസിന് കൈമാറിയതായി എസിപി അറിയിച്ചു. ദിണ്ഡിഗൽ എസ്പി രാവലി പ്രിയയുടെ നേതൃത്വത്തിലാണ് കേസന്വേഷിക്കുന്നത്.