മൂന്നാർ> സംസ്ഥാനത്തെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിൽഡീൻ കുര്യാക്കോസ് എംപിയുടെ സന്ദർശനത്തിനു പിന്നാലെ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചു. ഇരുപ്പുകല്ലുകുടിയിലെ 40 കാരിക്കും ഇഡ്ഡലിപ്പാറക്കുടിയിലെ 27 കാരനുമാണ് രോഗം. സ്ത്രീക്ക് കോട്ടയം മെഡിക്കൽ കോളേജിലും യുവാവിന് മൂന്നാർ ടാറ്റാ ഹൈേഞ്ച് ആശുപത്രിയിലുമാണ് രോഗം സ്ഥിരീകരിച്ചത്. യുവാവിനെ മൂന്നാർ ശിക്ഷക്സദനിൽ പ്രവേശിപ്പിച്ചു.
ഒരു കോവിഡ് രോഗിപോലും ഇല്ലാതിരുന്ന ഇടമലക്കുടിയിൽ ഒരു മാസത്തിനകം ഘട്ടങ്ങളായി വാക്സിൻ നൽകാൻ തയ്യാറെടുക്കുന്നതിനിടെയാണ് രോഗം കണ്ടെത്തിയത്. മുൻകരുതലാണ് ഇടമലക്കുടിയിൽ സ്വീകരിച്ചിരുന്നത്. പുറമെനിന്ന് ആരെയും കയറ്റിയിരുന്നില്ല. പുറത്തുപോയി വരുന്നവർ 15 ദിവസം നിരീക്ഷണത്തിൽ കഴിയണം.
ഇതിനിടെയാണ് ഡീൻ കുര്യാക്കോസ് എംപിയും സംഘവും ഇടമലക്കുടി സന്ദർശിച്ചത്. വ്ലോഗർ സുജിത് ഭക്തനെയും കൂട്ടിയുള്ള സന്ദർശനം വിവാദമായിരുന്നു. വനംവകുപ്പിന്റെ അനുമതിയില്ലാതെയാണ് സംഘം ഇടമലക്കുടി സന്ദർശിച്ചത്. ഇവർ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുകയോ മാസ്ക് ധരിക്കുകയോ ചെയ്തിരുന്നില്ല.