കൊച്ചി > മദ്യവിൽപ്പനശാലകൾ ആൾത്തിരക്കില്ലാത്ത പ്രദേശങ്ങളിൽ സ്ഥാപിക്കുന്നത് ഗൗരവമായി പരിഗണിക്കണമെന്ന് ഹൈക്കോടതി. ബിവറേജസ് കോർപറേഷൻ ഔട്ട്ലെറ്റുകൾക്കുമുന്നിലെ തിരക്കിനെതിരെ സ്വമേധയാ എടുത്ത കേസിലാണ് കോടതിയുടെ പരാമർശം. പ്രധാന പാതയോരങ്ങളിൽ മദ്യവിൽപ്പനശാലകൾ സ്ഥാപിക്കുന്നത് ഒഴിവാക്കണമെന്നും കോടതി നിരീക്ഷിച്ചു.
വിൽപ്പനശാലകളിലെ തിരക്ക് കുറയ്ക്കുന്നതിന് നടപടി സ്വീകരിച്ചതായി സർക്കാർ അറിയിച്ചു. ബാറുകളിൽ മദ്യവിൽപ്പന പുനരാരംഭിച്ചതിനാൽ ബെവ്കോ ഔട്ലെറ്റുകളിലെ തിരക്ക് കുറയുമെന്നും മദ്യവിൽപ്പനയ്ക്ക് ഡിജിറ്റൽ പേമെന്റ് സംവിധാനം ആരംഭിച്ചതായും സർക്കാർ വ്യക്തമാക്കി. കേസ് രണ്ടാഴ്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കും.