കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വാക്സിൻ ചലഞ്ചിനായി നിർബന്ധിത പിരിവ് പാടില്ലെന്ന് ഹൈക്കോടതി. നിയമപരമായ പിൻബലം ഉണ്ടെങ്കിൽ മാത്രമേ ദുരിതാശ്വാസ നിധിയിലേക്ക് അനുമതിയില്ലാതെ തുക പിടിക്കാൻ കഴിയൂ എന്നും കോടതി ചൂണ്ടിക്കാട്ടി.
കെഎസ്ഇബിയിൽ നിന്ന് വിരമിച്ച രണ്ട് പേരാണ് പെൻഷൻ തുകയിൽനിന്ന് അനുമതിയില്ലാതെ ഒരു ദിവസത്തെ വേതനം വാക്സിൻ ചലഞ്ച് ഇനത്തിൽ പിടിച്ചുവെന്ന് കാണിച്ച് ഹൈക്കോടതിയെ സമീപിച്ചത്. തങ്ങൾ ഇതിന് രേഖാമൂലം അനുമതി നൽകിയിട്ടില്ല അതിനാൽ പിടിച്ചതുക തിരിച്ചുവേണം എന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. ഈ ഹർജി പരിഗണിച്ചുകൊണ്ടാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ തുക തിരിച്ചുനൽകാൻ ഉത്തരവിട്ടത്.
പിടിച്ചെടുത്ത തുക രണ്ടാഴ്ചയ്ക്കകം തിരിച്ചുനൽകണമെന്നാണ് നിർദേശം. നിർബന്ധിത പിരിവ് പാടില്ല, നിയമത്തിന്റെ പിൻബലമുണ്ടെങ്കിൽ മാത്രമേ ഇത്തരത്തിൽ തുക പിടിക്കാവൂ എന്നും കോടതി ചൂണ്ടിക്കാട്ടി. ഭാവിയിൽ അനുമതി ഇല്ലാതെ പെൻഷൻ വിഹിതം പിടിക്കില്ലെന്ന് രേഖാമൂലം ഉറപ്പ് നൽകണം. പെൻഷൻ വിഹിതം നിർബന്ധമായി ഈടക്കിയ കെഎസ്ഇബി നടപടിക്ക് നിയമ പിൻബലമില്ലെന്നും ഹൈക്കോടതി പറഞ്ഞു.കെഎസ്ഇബി പെൻഷനേഴ്സ് അസോസിയേഷൻ അനുമതി പ്രകാരമാണ് തുക പിടിച്ചതെന്നും അതിനാൽ തുക തിരിച്ചുപിടിക്കാൻ ഉത്തരവിടരുതുമെന്ന കെഎസ്ഇബി വാദം കോടതി അംഗീകരിച്ചില്ല.
Content Highlights:Kerala High Court verdict on compulsory contribution to CMDRF Vaccine Challenge
Watch Video
ജീവിത ചക്രം തിരിക്കുന്നവർ | LIFE OF AN AMBULANCE DRIVER