തിരുവനന്തപുരം> സംസ്ഥാനത്ത് രണ്ടുപേര്‍ക്കുകൂടി സിക വൈറസ് സ്ഥിരീകരിച്ചു. പൂന്തുറ സ്വദേശിക്കും (35), മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ശാസ്തമംഗലം സ്വദേശിനിക്കുമാണ് (41) സിക്ക വൈറസ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് പൂന്തുറ സ്വദേശിക്ക് സിക വൈറസ് സ്ഥിരീകരിച്ചത്.
ശാസ്തമംഗലം സ്വദേശിനിക്ക് കോയമ്പത്തൂര്‍ ലാബില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് സ്ഥിരീകരിച്ചത്. തിങ്കളാഴ്ച മുതലാണ് മെഡിക്കല്‍ കോളേജില്‍ സിക വൈറസ് പരിശോധന ആരംഭിച്ചത്. 15 സാമ്പിളുകളാണ് ആദ്യദിനം പരിശോധിച്ചത്. അതില്‍ ഒരാള്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ബാക്കി 13 പേരുടെ പരിശോധനാഫലം നെഗറ്റീവാണ്. ഇതോടെ സംസ്ഥാനത്ത് 21 പേര്‍ക്കാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്.
ജില്ലാ മെഡിക്കല്‍ ഓഫീസറോട് സ്ഥലം സന്ദര്‍ശിച്ച് പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്കി. ഈഡിസ് കൊതുകുകള്‍ പരത്തുന്ന രോഗമായതിനാല്‍ കൊതുകുകടിയില്‍ നിന്ന് രക്ഷനേടുകയാണ് പ്രധാന പ്രതിരോധമാര്‍ഗം. സ്വന്തം വീടും പരിസരവും എല്ലാവരും വൃത്തിയായി സൂക്ഷിക്കണം. വെള്ളം കെട്ടിനില്‍ക്കാതെ വീടും പരിസരവും സ്ഥാപനങ്ങളും സംരക്ഷിക്കണം.
ഇന്‍ഡോര്‍ പ്ലാന്റുകള്‍, ഫ്രിഡ്ജിന്റെ ഡ്രേ എന്നിവ ആഴ്ചയിലൊരിക്കല്‍ വൃത്തിയാക്കണം. പനി, ചുവന്ന പാടുകള്‍, പേശി വേദന, സന്ധി വേദന, തലവേദന തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ എല്ലാവരും ചികിത്സ തേടണമെന്നും മന്ത്രി പറഞ്ഞു.