തിരുവനന്തപുരം> കേന്ദ്ര സർക്കാർ കൊണ്ടുവന്ന ബാങ്കിംഗ് നിയന്ത്രണ നിയമഭേദഗതി നിയമം – 2020 സാധാരണക്കാർക്കും കൃഷിക്കാർക്കും പ്രാപ്യമായ ഒരു മേഖലയെ ഇല്ലായ്മ ചെയ്യുന്ന നടപടിയുടെ തുടക്കമാണെന്ന് ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ പറഞ്ഞു. കേന്ദ്ര സർക്കാരിൻ്റെ ഈ ജന വിരുദ്ധ നടപടിക്കെതിരെ ജൂലായ് 14 ന് പ്രതിഷേധ സൂചകമായി സംസ്ഥാനത്ത് 750 കേന്ദ്രങ്ങളിൽ പ്രകടനങ്ങൾ നടത്തുമെന്ന് കമ്മിറ്റി സംസ്ഥാന പ്രസിഡണ്ട് കെ ആർ സരളാ ഭായിയും ജനറൽ സെക്രട്ടറി വി ബി പത്മകുമാറും അറിയിച്ചു.
സഹകരണ മേഖലയെ സ്വകാര്യവത്കരണത്തിന് വിധേയമാക്കുന്ന 2021 ജൂൺ 28 ന്റെ റിസർവ്വ് ബാങ്ക് സർക്കുലർ, കേന്ദ്ര സർക്കാർ സഹകരണ മേഖലയിലെ സംസ്ഥാനങ്ങളുടെ അധികാരം കവർന്നെടുക്കുന്ന സഹകരണ മന്ത്രാലയ രൂപീകരണം എന്നിവയെല്ലാം സഹകരണ മേഖലയുടെ ഘടനയെ പ്രതികൂലമായി ബാധിക്കുന്ന നടപടികളാണ്. ഇത് സഹകരണ മേഖലയുടെ തകർച്ചക്ക് വഴിവെക്കും. മാത്രമല്ല സാധാരണക്കാരന്റെ നിക്ഷേപങ്ങൾ നവ സ്വകാര്യ ബാങ്കുകൾ കുത്തി കവരുന്നതിനും ഈ നിലപാടുകൾ അവസരം സൃഷ്ടിക്കും. സഹകരണ നിയമഭേദഗതിയിലൂടെ സഹകരണ മേഖലയുടെ ജനാധിപത്യ സ്വഭാവം തന്നെ ഇല്ലാതാകും. ഭരണസമിതിയെ പിരിച്ചുവിടുന്നതിനും സ്ഥാപനങ്ങളെ ലയിപ്പിക്കുന്നതിനുമുൾപ്പെടെയുള്ള അധികാരം റിസർവ്വ് ബാങ്കിന്റെ കീഴിലാകും.
സഹകരണ മേഖലയിലെ ജോലികൾ കരാർവത്കരിക്കുന്നതുമായി ബന്ധപ്പെട്ട് ജൂൺ 28 ന് കൊണ്ടുവന്ന ഉത്തരവ് പരോക്ഷമായി സഹകരണ മേഖലയിലും സ്വകാര്യവത്കരണം കൊണ്ടുവരുന്നതിന്റെ ആദ്യപടിയാണ്. അതിനോടൊപ്പമാണ് ഭരണഘടന സംസ്ഥാനങ്ങൾക്ക് നൽകുന്ന സഹകരണ ഭരണത്തിന്മേലുള്ള കടന്നുകയറ്റമായി കേന്ദ്ര സഹകരണ മന്ത്രാലയ രൂപീകരണം.
1919 ൽ മൊൺഡേഗു – ചെംസ് ഫോഡ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് കമ്മറ്റിയാണ് സഹകരണം പ്രവിശ്യകളുടെ അധികാരത്തിലേക്ക് മാറ്റുന്നതിന് നിർദ്ദേശം നൽകിയത്. രാജ്യത്തെ സഹകരണ മേഖലക്ക് ഉണർവ്വ് ഉണ്ടാക്കിയ നടപടിയായിരുന്നു ഇത്. ഓരോ പ്രദേശത്തിന്റെയും ആവശ്യകതയിൽ പുതിയ സഹകരണ സ്ഥാപനങ്ങൾ രൂപപ്പെട്ടു. സ്വാതന്ത്ര്യാനന്തര സഹകരണ മേഖലയെ പ്രത്യേക പരിരക്ഷ നൽകുന്നതിൽ സർക്കാരുകൾ മുൻഗണന നൽകിയിരുന്നു.
എൻ.ഡി.എ സർക്കാർ വിവിധ തീരുമാനങ്ങളിലുടെ സഹകരണ മേഖലയുടെ താല്പര്യങ്ങളെ ഹനിക്കുന്ന നടപടികളാണെടുക്കുന്നത്. നാളിതുവരെ കാർഷിക മന്ത്രാലയത്തിനായിരുന്നു സഹകരണ മേഖലയുടെ ചുമതല എങ്കിൽ ഇപ്പോൾ അത് ആഭ്യന്തര മന്ത്രലായത്തിന് കീഴിൽ കൊണ്ടു വന്നിരിക്കുന്നു എന്നത് മറ്റ് ഗൂഢ ലക്ഷ്യങ്ങളോടെ എന്നത് വ്യക്തമാണെന്നും സംസഥാന കമ്മിറ്റി വിലയിരുത്തി.
.