വെഞ്ഞാറമൂട്: സിപിഎം നെല്ലനാട്ലോക്കൽ സെക്രട്ടറിക്ക് നേരെ ഗുണ്ടാ ആക്രമണം. നിരവധി അബ്കാരി കേസുകളിലും കൊലക്കേസിലും പ്രതിയായ തൈത ബിജുവാണ് ആക്രമണത്തിന് പിന്നിൽ.
ഞായറാഴ്ച വൈകുന്നേരം ഏഴ് മണിയോടെയായിരുന്നു സംഭവം. പാർട്ടി കമ്മിറ്റി കഴിഞ്ഞ് ബ്രാഞ്ച് സെക്രട്ടറിക്കൊപ്പം വീട്ടിലേക്ക് പോവുകയായിരുന്ന സുജിത്ത് മോഹനനെ മൂന്ന് കൂട്ടാളികളുടെ സഹായത്തോടെ ആക്രമിക്കുകയും വധഭീഷണി മുഴക്കുകയുമായിരുന്നു. ആളുകൾ കൂടിയതോടെ ഇവർ സ്ഥലം വിട്ടു. സംഭവത്തിൽ സുജിത്ത് വെഞ്ഞാറമൂട് പോലീസിന് പരാതി നൽകി.
മുരൂർക്കോണം സ്വദേശി അജിയെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് തൈത ബിജു. അബ്കാരി കേസിൽ തൈത ബിജു ജയിലിൽ നിന്നിറങ്ങിയിട്ട് രണ്ടാഴ്ച ആകുന്നതേയുള്ളൂ. ഈ ലോക്ഡൗൺ സമയത്ത് ബിജുവിന്റെ വീട്ടിൽ നിന്നും 750 ലിറ്റർ കോട പിടിച്ചിരുന്നു.
സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ ചോദ്യം ചെയ്തതാണ് വൈരാഗ്യത്തിന് കാരണമായതെന്നാണ് വിവരം. സംഭവത്തിൽ തൈത ബിജുവിനെ അറസ്റ്റ് ചെയ്ത പോലീസ് പിന്നീട് ജാമ്യത്തിൽ വിട്ടു.
content highlights:goonda attack against cpm lc secretary