യൂറോ കപ്പ് 2020 ഫൈനലിൽ ഇറ്റലിയോട് പെനാൽറ്റി ഷൂട്ട്ഔട്ടിൽ തോറ്റ ഇംഗ്ലണ്ട് ടീമിലെ താരങ്ങൾക്ക് വംശീയാധിക്ഷേപം. പെനാൽറ്റി നഷ്ടപ്പെടുത്തിയ മാർക്കസ് റക്സ്ഫോർഡ്, ജാദോൺ സാഞ്ചോ, ബുക്കായോ സാക്ക് തുടങ്ങിയ താരങ്ങളെയാണ് ആരാധകർ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചത്.
കളിക്കാർക്കെതിരെ നടന്ന വംശീയ അധിക്ഷേപത്തെ അപലപിച്ച് ഇംഗ്ലണ്ട് ഫുട്ബോൾ അസോസിയേഷൻ തിങ്കളാഴ്ച പ്രസ്താവന ഇറക്കി. “എല്ലാത്തരം വിവേചനങ്ങളെയും എഫ്എ ശക്തമായി അപലപിക്കുന്നു, സോഷ്യൽ മീഡിയയിൽ ഞങ്ങളുടെ ചില കളിക്കാരെ ലക്ഷ്യം വച്ചുള്ള ഓൺലൈൻ വർഗ്ഗീയത ഭയപ്പെടുത്തുന്നു” എഫ്എ പ്രസ്താവനയിൽ പറഞ്ഞു.
“അത്തരം മ്ലേച്ഛമായ പെരുമാറ്റത്തിന് പിന്നിലുള്ള ആരെയും ടീമിനെ പിന്തുടരുന്നത് സ്വാഗതം ചെയ്യുന്നില്ലെന്ന് ഇതിനേക്കാൾ വ്യക്തമായി ഞങ്ങൾക്ക് പറയാൻ കഴിയില്ല. ഇത് ബാധിച്ച കളിക്കാരെ ഞങ്ങൾ പിന്തുണയ്ക്കുകന്നു, ഇതിൽ ഉത്തരവാദിത്തപ്പെട്ട എല്ലാവർക്കും സാധ്യമായ ഏറ്റവും കഠിന ശിക്ഷ നൽകാൻ ആവുന്നതെല്ലാം ചെയ്യും.” എഫ്എ പറഞ്ഞു.
മത്സരം അധിക സമയത്തിന് ശേഷവും 1-1 എന്ന സമനിലയിൽ ആയതോടെയാണ് പെനാൽറ്റിയിലേക്ക് കടന്നത്. പെനാൽറ്റിയിൽ 3-2 നു ഇറ്റലി ജയിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് പെനാൽറ്റി നഷ്ടപ്പെടുത്തിയ താരങ്ങൾക്കെതിരെ വംശീയാധിക്ഷേപം ആരംഭിച്ചത്.
സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ കളിക്കാരെ അധിക്ഷേപിച്ചതിനെ അപലപിച്ച് ഇംഗ്ലണ്ട് ടീമും പ്രസ്താവന ഇറക്കിയിട്ടുണ്ട്. കളിക്കാരെ അധിക്ഷേപിച്ച് സമൂഹ മാധ്യമങ്ങളിൽ വന്ന പോസ്റ്റുകൾ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി ബ്രിട്ടീഷ് പോലീസ് ട്വീറ്റ് ചെയ്തു.
Read Also: UEFA EURO 2020: മഹാമാരിക്കിടയിലെ പ്രതീക്ഷയുടെ ഞായർ; മനം നിറഞ്ഞ് കായിക പ്രേമികൾ
The post EURO 2020: ഇംഗ്ലണ്ട് താരങ്ങൾക്കെതിരെ വംശീയാധിക്ഷേപം; അപലപിച്ച് എഫ്എ appeared first on Indian Express Malayalam.