കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ ടി.ഒ. സൂരജിനെതിരേ സർക്കാരിന്റെ സത്യവാങ്മൂലം. ആർഡിഎസ് കമ്പനിക്ക് മൊബിലൈസേഷൻ അഡ്വാൻസ് നൽകിയ ശേഷം സൂരജിന്റെ മകൻ 17 സെന്റ് ഭൂമി വാങ്ങി. യഥാർഥ വിലയായ 3.30 കോടി മുടക്കി ഇടപ്പള്ളിയിൽ വാങ്ങിയ ഭൂമിയുടെ രേഖകളിൽ കാണിച്ചത് 1.04 കോടി രൂപ മാത്രമാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
പാലാരിവട്ടം അഴിമതി കേസിൽ വിജിലൻസ് അന്വേഷണം നിയമവിരുദ്ധമാണെന്നും എഫ്ഐആർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ടി.ഒ. സൂരജ് നൽകിയ ഹർജിയിലാണ് സർക്കാർ എതിർ സത്യവാങ്മൂലം സമർപ്പിച്ചത്. ആർഡിഎസ് കമ്പനിക്ക് ചട്ടവിരുദ്ധമായി 8.25 കോടി രൂപ മൊബിലൈസേഷൻ അഡ്വാൻസ് നൽകിയതിനു പിന്നാലെയാണ് സൂരജിന്റെ മകൻ ഇടപ്പള്ളിയിൽ ഭൂമി വാങ്ങിയത്. 2014ൽ സൂരജ് ദുരൂഹമായ നിരവധി സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു.
പ്രിൻസിപ്പൽ സെക്രട്ടറി എന്ന നിലയിൽ നിയമപരമായി അഞ്ച് കോടിയിലധികം രൂപ അഡ്വാൻസ് അനുവദിക്കാൻ സൂരജിന് കഴിയില്ല. ധനകാര്യവകുപ്പിന്റെ അനുമതിയില്ലാതെയാണ് കമ്പനിക്ക് പണം കൈമാറിയത്. മേൽപാലം നിർമാണത്തിന് കരാർ കമ്പനി 14.75 ശതമാനം പലിശയ്ക്ക് ബാങ്ക് വായ്പ എടുത്തപ്പോഴാണ് സൂരജ് ഏഴ് ശതമാനം പലിശയ്ക്ക് കമ്പനിക്ക് മൊബിലൈസേഷൻ
അഡ്വാൻസ് നൽകിയതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
മേൽപാലം അഴിമതിയിൽ സൂരജിന് വ്യക്തമായ പങ്കാളിത്തം ഉണ്ട്. ഇതിന് തെളിവ് ലഭിച്ചിട്ടുണ്ടെന്നും വിജിലൻസ് ഡിവൈഎസ്പി സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.
Content Highlights:Government affidavit against T.O. Sooraj on palarivattom case