തിരുവനന്തപുരം: കോവിഡ് കേസുകളിൽ കാര്യമായ കുറവുവരാത്ത സംസ്ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീളുന്നതിൽജനങ്ങളിൽ അമർഷം പുകയുന്നു. കോവിഡിനെ പ്രതിരോധിക്കാൻ സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള നിയന്ത്രണങ്ങൾ അശാസ്ത്രീയമാണെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. ഒന്നോ രണ്ടോ ദിവസം മാത്രം പരിമിതമായ സമയങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ അനുവദിച്ച്തിക്കും തിരക്കും സൃഷ്ടിച്ച ശേഷം മറ്റു ദിവസങ്ങളിൽ അടച്ചിടുന്നതിലെ ശാസ്ത്രീയതയാണ് ചോദ്യംചെയ്യപ്പെടുന്നത്.
കോവിഡ് നിയന്ത്രണങ്ങൾ വ്യാപരി സമൂഹത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്.ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇന്ന് കോഴിക്കോട് നിയന്ത്രണങ്ങൾ ലംഘിച്ചുള്ള വ്യാപാരികളുടെ പ്രതിഷേധമുണ്ടായത്.
75 ദിവസത്തോളമായി സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ട്. നിത്യോപയോഗ സാധനങ്ങൾ വിൽക്കുന്ന കടകളൊഴികെ മറ്റു വ്യാപര സ്ഥാപനങ്ങളെല്ലാം ഇക്കാലയളവിൽ തുറന്ന് പ്രവർത്തിച്ചത് വളരെ ചുരുക്കം ദിവസങ്ങളിലാണ്. വാടക, വായ്പാ തിരിച്ചടവ്, മറ്റു ചെലവുകൾ തുടങ്ങിയവയ്ക്ക്പുതിയ വായ്പകൾ എടുക്കേണ്ട സ്ഥിതിയിലാണ് വ്യാപാരികൾ. ഒന്നാം തരംഗത്തിലെ ലോക്ക്ഡൗണിൽ ബാങ്കുകൾ മൊറൊട്ടോറിയം പ്രഖ്യാപിച്ചിരുന്നെങ്കിലും ഇത്തവണ അതുമില്ല. വൈദ്യുതി ബില്ലിലടക്കം സർക്കാർ യാതൊരു ഇളവുകളും പ്രഖ്യാപിച്ചിട്ടില്ലെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.
കേരളത്തിലെ വ്യാപാരസ്ഥാപനങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് മിഠായിത്തെരുവിൽ വ്യാപാരികൾ പ്രതിഷേധം നടത്തിയപ്പോൾ.|ഫോട്ടോ: കെ.പി.നിജീഷ് കുമാർ
കോവിഡ്കാലത്ത് കേരളത്തിൽമാത്രം പൂട്ടിയത് ജി.എസ്.ടി. രജിസ്ട്രേഷനുള്ള 20,000 വ്യാപാരസ്ഥാപനങ്ങളാണ്. പൂട്ടിയ സ്ഥാപനങ്ങൾ രജിസ്ട്രേഷൻ റദ്ദാക്കാനാവശ്യപ്പെട്ട് ജി.എസ്.ടി. വകുപ്പിന് നൽകിയ അപേക്ഷപ്രകാരമുള്ള കണക്കാണിത്. ജി.എസ്.ടി രജിസ്ട്രേഷനൊന്നുമില്ലാത്ത അടച്ചുപൂട്ടിയ ചെറുകിട സ്ഥാപനങ്ങൾ അനേകമുണ്ട്.
സംസ്ഥാന തലത്തിൽ പ്രഖ്യാപിക്കുന്ന നിയന്ത്രണങ്ങൾക്ക് പുറമേ വാർഡുകൾ കേന്ദ്രീകരിച്ചുള്ള കണ്ടെയിൻമെന്റ് സോൺ പ്രഖ്യാപനങ്ങളുംആശയകുഴപ്പമുണ്ടാക്കുന്നുണ്ട്. ചില സ്ഥലങ്ങളിൽ റോഡിന്റെ ഒരു വശത്തെ കടകൾ പൂർണ്ണമായും അടിച്ചിട്ടപ്പോൾ മറുവശത്തെ കടകളിൽ തിരക്കും കച്ചവടവും തകൃതി.
ടൗണിലെ കടകൾ അടച്ചിട്ടും തിരക്ക് കുറയാത്ത മല്ലപ്പള്ളി ബീവറേജസ് വിദേശമദ്യവിൽപ്പന കേന്ദ്രം | ഫോട്ടോ: മാതൃഭൂമി
പരിശോധനകളുടെ എണ്ണമനുസരച്ച് കൂട്ടാനും കുറയ്ക്കാനും സാധിക്കുന്ന ടി.പി.ആർ നിരക്കിനെ മാത്രം അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങൾ പ്രഖ്യാപിക്കൽ അശാസ്ത്രീയമാണെന്ന് വിദഗ്ദ്ധർ ഇതിനോടകം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിയന്ത്രണങ്ങളിൽ നിന്നൊഴിവാകുന്നതിനായി ടി.പി.ആർ കുറയ്ക്കാൻ രോഗലക്ഷണങ്ങളില്ലാത്ത പരമാധി പേരെ പരിശോധനാ കേന്ദ്രങ്ങളിലേക്കെത്തിക്കണമെന്നാണ് പഞ്ചായത്ത് അധികൃതർ പലയിടങ്ങളിലും നിർദേശം നൽകുന്നതായും ആരോപണമുയർന്നിരുന്നു.
സംസ്ഥാനത്ത് നടപ്പിലാക്കിയ കോവിഡ് നിയന്ത്രണങ്ങൾ അശാസ്ത്രീയമാണെന്നും മദ്യശാലകൾ തുറന്നിട്ടും കടകൾ തുറക്കാൻ അനുവദിക്കാത്തത് അനീതിയാണെന്നുംഎം.കെ. മുനീർ എം.എൽ.എ. പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുനീർ മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. സംസ്ഥാനത്തെ വ്യാപാരാസ്ഥാപനങ്ങൾ ആഴചയിൽ മൂന്നു ദിവസം തുറന്നു പ്രവർത്തിക്കുന്നതും ശനി, ഞായർ ദിവസങ്ങളിൽ പൂർണമായി അടച്ചിടുന്നതുമെല്ലാം അശാസ്ത്രീയമാണ്. ആൾക്കൂട്ടങ്ങൾ ഒഴിവാക്കാൻ കടകൾ കൂടുതൽ സമയം തുറന്നുപ്രവർത്തിക്കണമെന്നും കത്തിൽ പറയുന്നു.
ബാങ്കുകളുടെ പ്രവർത്തനത്തിലും നിയന്ത്രണം ഒഴിവാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സാമൂഹ്യ അകലം പാലിച്ചും ആൾക്കൂട്ടം ഒഴിവാക്കിയും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തി ടി.പി.ആർ നിരക്ക് കുറച്ചുകൊണ്ടുവരാനുള്ള നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എറണാകുളം ഗാന്ധിനഗറിലെ ബീവറേജ് ഷോപ്പിന് മുമ്പിലെ ദൃശ്യം | ഫോട്ടോ: ബി. മുരളീകൃഷ്ണൻമാതൃഭൂമി
കഴിഞ്ഞ ഏതാനും നാളുകളായി രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളിൽ ബഹുഭൂരിപക്ഷവും കേരളത്തിലാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 37,154 കേസുകൾ റിപ്പോർട്ട് ചെയ്തതിൽ 12,220 കേസുകളും കേരളത്തിലാണ്. തദ്ദേശസ്ഥാപനങ്ങളെ കാറ്റഗറി തിരിച്ച് പട്ടികപ്പെടുത്തി നിയന്ത്രണങ്ങളേർപ്പെടുത്തിയെങ്കിലും കാര്യമായ പുരോഗിയില്ലെന്നാണ് സർക്കാർ തലത്തിൽ തന്നെയുള്ള വിലയിരുത്തൽ. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നാളെ നടക്കുന്നഅവലോകന യോഗത്തിൽ പുതിയ മാർഗങ്ങൾ തേടിയേക്കുമെന്നാണ് സൂചന.