ഓമശ്ശേരി: മുടൂർ മേപ്പളി അക്കരമ്മൽ തറവാട്ടിലെ ഗജറാണി അക്കരമ്മൽ ലൈല വിടവാങ്ങി. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു 67 വയസ്സുള്ള പിടിയാന ചരിഞ്ഞത്.
പ്രായാധിക്യംമൂലമുള്ള ക്ഷീണമുണ്ടായിരുന്നെങ്കിലും കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നും ആനയ്ക്കുണ്ടായിരുന്നില്ലെന്ന് ഉടമ അക്കരമ്മൽ നജുമുദീൻ പറഞ്ഞു. 35 വർഷംമുമ്പാണ് ലൈല അക്കരമ്മൽ ആനത്തറവാട്ടിൽ എത്തിയത്.
ലൈലയെ അവസാനമായൊരുനോക്കുകാണാൻ ഒട്ടേറെപ്പേരാണ് എത്തിയത്. ഒമ്പത് പതിറ്റാണ്ട് പിന്നിട്ട ആനപ്പാരമ്പര്യമുള്ള കേരളത്തിലെ പ്രശസ്തമായ ആനത്തറവാടാണ് അക്കരമ്മൽ. 35 വർഷംമുമ്പാണ് താമരശ്ശേരി എളേറ്റിൽ വട്ടോളിയിൽനിന്ന് ലൈലയെ ഇവർ വാങ്ങിയത്.
ലൈലയ്ക്കുശേഷം ഒട്ടേറെ ആനകൾ തറവാട്ടിലെത്തി. ഒമ്പതു പതിറ്റാണ്ടുകൾക്കുമുമ്പേ തുടങ്ങിയതാണ് അക്കരമ്മൽ തറവാട്ടിലെ ആനകളുടെ ചങ്ങലക്കിലുക്കം. അവിടന്നിങ്ങോട്ട് ഒട്ടേറെ ഗജവീരന്മാരും ഗജറാണികളും ഇവിടെ എത്തി. അക്കരമ്മൽ ബാബുൽ, മോഹൻ, വേലായുധൻ, ശേഖരൻ എന്നിവരാണ് നിലവിൽ അക്കരമ്മൽ തറവാട്ടിലെ മറ്റാനകൾ.
തിങ്കളാഴ്ച രാവിലെ പത്തുമണിയോടെ കോഴിക്കോട് ഫോറസ്റ്റ് വെറ്ററിനറി സർജൻ അരുൺ സത്യന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തിയതിനുശേഷം ജഡം ദഹിപ്പിക്കും
Content highlight: Akkarammal Laila Died